Related Stories


























May 13, 2025 07:44 PM

ന്യൂഡൽഹി:(truevisionnews.com)  കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബി.ജെ.പി നേതാവിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന മന്ത്രി കൂടിയായ വിജയ് ഷാ പരോക്ഷമായി വിമർശിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം.

ഇതിന്‍റെ വിഡിയോ കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു‘ - എന്നായിരുന്നു വിജയ് ഷായുടെ പരാമർശം. സായുധ സേനയെ അപമാനിക്കുകയാണ് ബി.ജെ.പി മന്ത്രി ചെയ്തതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

‘മധ്യപ്രദേശ് ബി.ജെ.പി സർക്കാറിലെ മന്ത്രിയായ വിജയ് ഷാ, കേണൽ സോഫിയ ഖുറേഷി ഭീകരവാദികളുടെ മകളാണെന്ന അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നു. ഇന്ത്യയുടെ മകളായ കേണൽ സോഫിയ ഖുറേഷി നമ്മുടെ അഭിമാനമാണ്, എന്നിട്ടും അവരെക്കുറിച്ച് ഇത്തരമൊരു അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നു. അവരെയാണ് ഭീകരവാദികളുടെ സഹോദരി എന്ന് മുദ്രകുത്തിയത്. ഇത് നമ്മുടെ ധീരരായ സായുധ സേനയെ അപമാനിക്കലാണ്’ -വിവാദ വിഡിയോ പങ്കുവെച്ച് ബിഹാർ കോൺഗ്രസ് അവരുടെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായി എന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് വിജയ്. ബി.ജെ.പി മന്ത്രിയുടെ രാജി ആവശ്യപ്പെടുമോ? പ്രധാനമന്ത്രി മോദിയും ബി.ജെ.പി നേതാക്കളും ഈ നീചമായ മാനസികാവസ്ഥക്ക് മാപ്പ് പറയുമോ? അല്ലെങ്കിൽ, എന്നത്തെയും പോലെ ഈ പരിതാപകരമായ മാനസികാവസ്ഥക്ക് വിജയ് ഷാക്ക് പ്രതിഫലം നൽകുമോ, അദ്ദേഹത്തെ പിന്തുണച്ച് റാലികൾ നടത്തുമോ എന്നും കോൺഗ്രസ് വിമർശിക്കുന്നുണ്ട്.

ഇന്ത്യൻ സേനയുടെ പെൺകരുത്തിന്‍റെ മുഖമായാണ് കരസേനയിലെ കേണൽ സോഫിയയെ വിശേഷിപ്പിക്കുന്നത്. ബി.ജെ.പി നേതാവിന്‍റെ വിവാദ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടി നൽകിയതിൽ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുന്നതിനിടെയാണ് മന്ത്രിയുടെ അധിക്ഷേപ പരമാർശം. അവരുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും ഉദ്ദേശിച്ചത് അവരെ തന്നെയാണെന്ന് വ്യക്തം.ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യത്തോട് വിശദീകരിച്ച രണ്ടു വനിത സൈനിക ഉദ്യോഗസ്ഥരാണ് സോഫിയയും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങും. 


Congress strongly criticized Madhya Pradesh BJP leader insulting Colonel Sophia Qureshi.

Next TV

Top Stories