കണ്ണൂർ: കൂത്തുപറമ്പിൽ എൻസിപി നേതാവിനെ അക്രമിച്ചവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. എൻ.സി.പി. നേതാവിനെ ഒരു സംഘമാളുകൾ വീട്ടിൽ കയറി അക്രമിച്ചതായി പരാതിയിലാണ് കേസ് .സി.പി.എം. പ്രവർത്തകരാണ് അക്രമിച്ചതെന്ന് എൻ.സി.പി. നേതൃത്വം ആരോപിച്ചു.

എൻ.സി.പി. മാങ്ങാട്ടിടം മണ്ഡലം പ്രസിഡന്റ് വട്ടിപ്രം മാണിക്കോത്ത് വയലിലെ നൂറുദ്ദീൻ വലിയാണ്ടി(41)യെയാണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ നൂറുദ്ദീനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. മാണിക്കോത്ത് വയലിലെ കടയിൽ സാധനം വാങ്ങാൻ പോയ നൂറുദ്ദീനെ ഒരുസംഘം മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ് വീട്ടിൽ കഴിയുകയായിരുന്ന നൂറുദ്ദീനെ ഇരുമ്പുവടിയടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം വീണ്ടും ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. നൂറുദ്ദീൻ വീട്ടിൽ തനിച്ചായിരുന്നു താമസം. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് നൂറുദ്ദീനെ കൂത്തുപറമ്പ് ആശുപത്രിയിൽ കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാൽ ചൊവ്വാഴ്ച രാവിലെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
CPM behind; The NCP leader was assaulted in his house in Koothuparam
