കല്‍പ്പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിന്നാലെ സ്‌കൂട്ടര്‍ ഓടിക്കവെ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി പാലവയലിലുണ്ടായ അപകടത്തില്‍ പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്.

കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ പരിചരിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് രോഗിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്. തുടര്‍ന്ന് ബന്ധുവിനെ ആംബുലന്‍സില്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആംബുലന്‍സിന് പിറകിലായി സ്‌കൂട്ടറിലായിരുന്നു വിഷ്ണുവിന്റെ യാത്ര. ഇതിനിടെ പാലവയലില്‍ വെച്ച് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നുവെന്നാണ് പറയുന്നത്. ബന്ധുവായ രോഗിയെയും കൊണ്ടുപോയ ആംബുലന്‍സിലുള്ളവര്‍ അപകടവിവരം അറിഞ്ഞിരുന്നില്ല. അപകടത്തിന് ശേഷം ഇതുവഴി എത്തിയ മറ്റു വാഹനയാത്രികരാണ് യുവാവ് റോഡില്‍ വീണ് കിടക്കുന്നത് കണ്ടത്. അപകടമാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ വാഹനയാത്രികരും ചേര്‍ന്ന് വിഷ്ണുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ വിഷ്ണു മരിച്ചു.
Accident while riding a scooter behind the ambulance that took the relative to the hospital; A tragic end for the young man
