കോഴിക്കോട്: ( www.truevisionnews.com ) രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് നിറഞ്ഞ ജനപങ്കാളിത്തത്തോടെ ഇന്ന് വൈകിട്ട് സമാപനം. പത്ത് ദിവസങ്ങളിലായി നടന്ന മേളയിൽ ലക്ഷക്കണക്കിനാളുകളാണ് എത്തിയത്.

വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ 200ഓളം സ്റ്റാളുകളാണ് ഒരുക്കിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും മുന്നേറ്റങ്ങളുടെയും നേര്‍ക്കാഴ്ചയായിരുന്നു മേള.
സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ വികസന നേട്ടം പ്രദർശിപ്പിച്ചതിനൊപ്പം സേവനങ്ങൾ ഉടൻ ലഭ്യമാക്കുന്ന സ്‌റ്റാളുകളായിരുന്നു മേളയുടെ പ്രധാന സവിശേഷത. ജല പരിശോധനയും ആരോഗ്യ പരിശോധനയും മുതൽ ആധാർ അപ്‌ഡേഷൻ വരെ മേളയിൽ സൗജന്യമായി ലഭിച്ചു.
ആകര്‍ഷകമായി ഒരുക്കിയ സ്റ്റാളുകള്‍ക്ക് പുറമെ രസകരമായ കളികളും ചിന്തിപ്പിക്കുന്ന ചോദ്യോത്തര മത്സരങ്ങളുമെല്ലാം മേളയില്‍ എത്തുന്നവരെ ആകര്‍ഷിച്ചിരുന്നു. വ്യത്യസ്ത കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ക്രിയേറ്റിവിറ്റി കോര്‍ണര്‍, കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകള്‍, ലഹരിക്കെതിരെ സ്പോര്‍ട്സ് കൗണ്‍സില്‍ ക്യാമ്പയിനിന്റെ ഭാഗമായ കായിക പ്രദര്‍ശനം എന്നിവയോടൊപ്പം കണ്ടുമറഞ്ഞ ഒരുപിടി നല്ല സിനിമകള്‍ കാണാനും അവസരമൊരുക്കിയിട്ടുണ്ടായിരുന്നു.
നിര്‍മിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഡ്രോണ്‍, റോബോട്ടിക്‌സ്, ഐ.ഒ.ടി. തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്റെ എക്‌സ്പീരിയന്‍സ് സെന്റര്‍ പവലിയന്‍, ഫിറ്റ്‌നസ് സോണ്‍, ഹെല്‍ത്ത് സോണ്‍, വിവിധതരം ചാലഞ്ചുകളും ഉള്‍പ്പെടുന്ന കായിക വകുപ്പിന്റെ പവലിയന്‍, വി ആര്‍ സാങ്കേതിക വിദ്യയിലൂടെ വ്യത്യസ്ത അനുഭൂതി പകര്‍ന്നു നല്‍കിയ കിഫ്ബി പവിലിയന്‍, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ വികസന പാലം, സെല്‍ഫി പോയിന്റ് തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.
കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനം കാഴ്ചവയ്ക്കുന്ന വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ പ്രദര്‍ശനം, ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികള്‍, മെഗാ ഭക്ഷ്യമേള, കായിക-വിനോദപരിപാടികള്‍, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തല്‍, ടൂറിസം-കാരവന്‍ ടൂറിസം പ്രദര്‍ശനം, സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രദര്‍ശനം, ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനങ്ങള്‍, കായിക പ്രദര്‍ശനം, സ്‌കൂള്‍ മാര്‍ക്കറ്റ്, കായിക-വിനോദ പരിപാടികള്‍, പൊലീസ് ഡോഗ് ഷോ എന്നിവയും മേളയുടെ ഭാഗമായി നടന്നു.
My Kerala fair concludes Kozhikode today filled with development visions
