മലപ്പുറം: മലപ്പുറം വേങ്ങരയിൽ താമസക്കാരനായ ബീഹാർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി പൂനം ദേവിയാണ് ഭർത്താവ് സഞ്ജിത് പസ്വാനെ കൊലപ്പെടുത്തിയത്.ജനുവരി 31 നാണ് വേങ്ങരയിലെ വാടക ക്വാർട്ടേഴ്‌സിൽ വെച്ച് പൂനം ദേവി സഞ്ജിത് പസ്വാനെ സാരി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

ക്വാർട്ടേഴ്‌സിലെ തൊട്ടടുത്ത താമസാക്കാരോട് അസുഖബാധിതനായി അബോധാവസ്ഥയിലായെന്നറിയിച്ച് പൂനം ദേവി തന്നെ സൻജിതിനെ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ച ശേഷം നടത്തിയ പൊലീസിൻറെ മൃതദേഹ പരിശോധനയിൽ തലയിലും നെറ്റിയിലും പൊട്ടൽ കണ്ടെത്തി. കഴുത്തിലെ എല്ലിന് പൊട്ടലുണ്ടായതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തി. തുടർന്ന് ഭാര്യ പൂനം ദേവിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വിവരം പുറത്തറഞ്ഞത്.
പൂനം ദേവിയും ബീഹാറിലെ യുവാവും തമ്മിലുള്ള അടുപ്പം സൻജിത് കണ്ടെത്തിയിരുന്നു. തുടർന്ന് രണ്ട് മാസം മുമ്പാണ് ഭാര്യയെയും അഞ്ച് വയസ്സുള്ള കുഞ്ഞിനെയും സൻജിത് വേങ്ങരയിലെത്തിക്കുന്നത്. കേരളത്തിലെത്തിയിട്ടും ഈ യുവാവുമായി പൂനം ദേവി ബന്ധം തുടർന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം നടത്തിയത്. രാത്രി ഉറങ്ങുന്ന സമയം പൂനം ദേവി ഭർത്താവിന്റ കൈ കൂട്ടിക്കെട്ടി. ഉടുത്ത സാരി കൊണ്ട് സൻജിതിന്റെ കഴുത്തിൽ കുരുക്കിട്ട് കട്ടിലിൽ നിന്ന് താഴേക്ക് തട്ടി ഇട്ടാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
kept secret; Wife, young woman arrested for killing husband by strangulation
