കോഴിക്കോട്: (truevisionnews.com) രാജ്യത്തുടനീളമുള്ള ഗ്രാമീണ സംരംഭരുടെ സംസ്കാരവും രുചിയും തനിമയും ഒത്തു ചേർന്ന പന്ത്രണ്ടാമത് സരസ് മേളയ്ക്ക് കോഴിക്കോട് സമാപനമായി. 12 ദിവസം നീണ്ടു നിന്ന മേളയിലേക്ക് ദിവസവും ഒഴുകിയെത്തിയ ജനസാഗരം സരസ് മേളയുടെ വിജയത്തിന്റെ നേർസാക്ഷ്യമായി.

ഉൽപന്ന വിപണന മേളയിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഹസ്ബി സ്‌പൈസസ് (ഇന്ദ്രനീലം അയൽക്കൂട്ടം), ഇതര സംസ്ഥാന വിഭാഗത്തിൽ ഗോവയിൽ നിന്നുള്ള ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ് യൂണിറ്റ് (ധനലക്ഷ്മി സ്വയം സഹായ സംഘം) എന്നീ യൂണിറ്റുകൾ നേടി. ഫുഡ് കോർട്ടിലെ മികച്ച ഫുഡ് സ്റ്റാൾ ആയി കോഴിക്കോട് ജില്ലയിൽ നിന്നുള്ള സ്നേഹിത യൂണിറ്റും ഇതര സംസ്ഥാന വിഭാഗത്തിൽ സിക്കിമിലെ നിന്നുള്ള സൻജോക്ക് സ്വയം സഹായ സംഘത്തിന്റെ ഫുഡ് സ്റ്റാളും തിരഞ്ഞെടുക്കപ്പെട്ടു.
വിജയിക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമെന്റോയും കുടുംബശ്രീ ഗവെർണിങ് ബോഡി എക്സിക്യൂട്ടീവ് അംഗം കെ. കെ ലതിക വിതരണം ചെയ്തു. തദ്ദേശീയ വിഭാഗത്തിൽ അട്ടപ്പാടിയിൽ നിന്നുള്ള രുചിപ്പൂരം, കുളിമെയ് എന്നീ സ്റ്റാളുകളെയും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ എറണാകുളത്ത് നിന്നുള്ള 'ലക്ഷ്യ' ജ്യൂസ് സ്റ്റാൾ പാലക്കാട് നിന്നുള്ള ഒരുമ ജ്യൂസ് സ്റ്റാളിൽ എന്നീ യൂണിറ്റുകളെയും പ്രത്യേകം ആദരിച്ചു.
കോഴിക്കോട് കടപ്പുറത്തു 64,000 ചതുരശ്ര അടിയിൽ ഒരുക്കിയ സരസ് മേളയിലെ ഉത്പന്ന വിപണന സ്റ്റാളിലും ഫുഡ്‌കോർട്ടിലും 12 ദിവസങ്ങളിലും ജനത്തിരക്കേറെയായിരുന്നു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ 'എന്റെ കേരളം' പ്രദർശന വിപണ മേളയ്‌ക്കൊപ്പമായിരുന്നു കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ദേശീയ സരസ് മേളയും സംഘടിപ്പിച്ചത്. മെയ് 3 നു മുഖ്യമന്ത്രി പിണറായി വിജയൻ ഇരു പരിപാടികളും ഉത്ഘാടനം ചെയ്തതോടെയാണ് പന്ത്രണ്ടാമത് ദേശീയ സരസ് മേളയ്ക്ക് ഔദ്യോഗികമായി തുടക്കമായത്.
പൂർണ്ണമായും ശീതീകരിച്ച പവലിയനിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ സംരംഭകർ തയാറാക്കിയ കരകൗശലവസ്തുക്കളും തുണിത്തരങ്ങളും ഭക്ഷ്യോത്പന്നങ്ങളുമുൾപ്പെടെ ലഭ്യമാക്കുന്ന 250 ഉത്പന്ന വിപണന സ്റ്റാളുകളും കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലെ തനത് രുചിക്കൂട്ടുകളുടെ സംഗമമായ 50 സ്റ്റാളുകളടങ്ങിയ ഇന്ത്യ ഫുഡ്‌കോർട്ടുമാണ് സന്ദർശകർക്കായി ഒരുക്കിയിരുന്നത്. ഇതര സംസ്ഥാനങ്ങളുടെ 60 ഉത്പന്ന വിപണന സ്റ്റാളുകളും സരസ് മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു.
കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ സാധിക്കാത്തവർക്കും ഇതര സംസ്ഥാനങ്ങളിലെ തനത് ഉത്പന്നങ്ങളും ഭക്ഷ്യവിഭവങ്ങളും പരിചയപ്പെടാനും ആസ്വദിക്കാനുമുള്ള അവസരം കുടുംബശ്രീ ദേശീയ സരസ് മേളയിലൂടെ ലഭ്യമായി. എം.എൽ.എ മാരായ കെ. എം. സച്ചിൻദേവ് , അഹമ്മദ് ദേവർകോവിൽ, വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി എന്നിവരും സമാപന ദിവസമായ ഇന്നലെ (13.05.2025) മേള സന്ദർശിച്ചു.
12th Kudumbashree National Saras Mela concludes Kozhikode
