പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉത്സവ പറമ്പുകളിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന പ്രതിയെ പിടികൂടി പൊലീസ്. വടക്കഞ്ചേരി വണ്ടാഴി നെല്ലിക്കോട് വീട്ടിൽ ഉദയകുമാർ എന്ന വിപിനാണ് (26) അറസ്റ്റിലായത്. ഉത്സവ പറമ്പുകളിലെ തിരക്ക് കേന്ദ്രീകരിച്ച് മൊബൈൽ ഫോണും, പേഴ്സും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിന് അമ്പലപറമ്പിൽ നിന്ന് അഞ്ചോളം മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് വിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കു ശേഷം വ്യാഴാഴ്ച വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉൽസവ പറമ്പിൽ വെച്ച് മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് പ്രതിയെ സാഹസികമായി പൊലീസ് പിടികൂടിയത് .
കൂടാതെ മംഗലം ഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊന്നതുൾപ്പടെയുള്ള കൊലപാതകക്കേസിലും, കവർച്ചക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സതീഷ്കുമാർ, എഎസ്ഐ റഷീദലി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുൾ റഷീദ്, ജനമൈത്രി ബീറ്റ് ഓഫീസർ എ ശ്രീകുമാർ, സി പി ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Roaming around festival grounds and stealing mobile phones; Accused in custody
