Sep 22, 2022 11:07 AM

തിരുവനന്തപുരം : എകെജി സെന്‍റര്‍ ആക്രമണ കേസില്‍ പ്രതി പിടിയില്‍. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് പിടിയിലായ ജിതിൻ. കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കമേറുണ്ടായത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വൻ വിവാദമായി കത്തിപ്പടർന്നു. സെന്‍ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതൽ ചർച്ചയായി. ആക്രമണം നടന്ന് മിനുട്ടുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതിയാരെന്ന് സ്വയം വിധിയെഴുതി.

സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പൊലീസ് അതിവേഗം നടപടി തുടങ്ങി. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന തുടങ്ങി. നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി.

സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു. ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു.

ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴ് പൊലീസുകാരിൽ അഞ്ച് പേർ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സൻമരയ്ക്കാർ ഹാളിൽ വിശ്രമത്തിലായിരുന്നു. മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടുവന്ന് പറയുന്ന സ്ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാർ പോലും അറിഞ്ഞില്ലെന്നാണ് മൊഴി. ഇതിനിടെ അന്വേഷണം ബോധപൂർവ്വം മുക്കിയെന്ന ആക്ഷേപവും സർക്കാരിനെയും പൊലീസിനെയും കൂടുതൽ വെട്ടിലാക്കി.

സംഭവ ദിവസം എകെജി സെന്‍ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതൽ പൊലീസ് സംശയിച്ചു. പക്ഷെ തട്ടുകടക്കാരന്‍റെ പ്രാദേശിക സിപിഎം ബന്ധം ഫോൺ രേഖകളിലൂടെ പുറത്തായതോടെ ഈ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആരോപണം. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Youth Congress worker arrested for throwing firecrackers at AKG Sen

Next TV

Top Stories