കോഴിക്കോട് : മുസ്‌ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ചെറുവാടി തെനങ്ങാപറമ്പിൽ എൻ.കെ.അഷ്റഫിന്റെ കാറും ബൈക്കും അടിച്ചു തകർത്ത ശേഷം തീയിട്ടു നശിപ്പിക്കാൻ ശ്രമം.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പോർച്ചിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് ആക്രമിച്ചത്. കാറിന്റെ ഇരുചില്ലുകളും തകർത്ത ശേഷം ബൈക്കും കാറും പെട്രോൾ ഒഴിച്ച് കത്തിക്കാനായിരുന്നു ശ്രമം.
ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ തീ അണയ്ക്കുകയായിരുന്നു. ആഴ്ചകൾക്കു മുൻപ് അഷ്‌റഫിന്റെ ബുള്ളറ്റ് കളവു പോയിരുന്നു. മുക്കം പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതിയും നൽകി.
ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മുക്കം പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. ഈയിടെയായി ചെറുവാടിയിലും പരിസര പ്രദേശങ്ങളിലും മോഷണവും അക്രമങ്ങളും വർധിച്ചിരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു.
നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ശക്തികളെ ഉടൻ കണ്ടെത്തി ശിക്ഷിക്കണമെന്ന് സ്ഥലം സന്ദർശിച്ച മുസ്‌ലിം ലീഗ് നേതാക്കളായ സി.പി.ചെറിയ മുഹമ്മദ്, കെ.വി.അബ്ദുറഹിമാൻ, കെ.പി.അബ്ദുറഹിമാൻ എന്നിവർ ആവശ്യപ്പെട്ടു.
കൊച്ചിയിലെ ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിൽ ദുരൂഹത; ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ കാണ്മാനില്ല
എറണാകുളം : കൊച്ചിയിലെ ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിൽ ദുരൂഹത. ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ കാണാനില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഡ് ഓഫാണ്.
കൊലപാതകത്തിന് പിന്നാലെയാണ് ഇയാളെ കാണാതായതെന്നാണ് വിവരം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു.അതിനാൽ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പ്രാഥമികമായി അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ഇന്നലെ രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്.
വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർ പിടിയിലായി. കുന്നത്തുകാൽ സ്വദേശി അനുരാജ് എന്ന 22 കാരനാണ് പിടിയിലായത്. വെള്ളറട പൊലീസാണ് പ്രതിയെ പിടികൂടിയത്.
വീട്ടമ്മയെ ആരും ഇല്ലാത്ത തക്കം നോക്കി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ പ്രതിയുടെ അതിക്രമത്തെ തുടർന്ന് വീട്ടമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ ശ്രമം ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മക്കളെയും പ്രതി ഉപദ്രവിച്ചു.
ഇവരെ ചവിട്ടി വീഴ്ത്തിയ ശേഷം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. അനുരാജ് കഞ്ചാവിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
Kozhikode Muslim League leader's vehicles vandalized