കണ്ണൂർ:(www.truevisionnews.com) ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാർക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കി പയ്യാവൂർ ഗ്രാമപഞ്ചായത്ത്. നൂറുദിന പരിപാടികളുടെ ഭാഗമായാണ് 'പയ്യാവൂർ മാംഗല്യം' സംഘടിപ്പിക്കുന്നത്. അവിവാഹിതരും വിവാഹമോചിതരും ഉൾപ്പെടെയുള്ളവർക്ക് വിവാഹിതരാകാനുള്ള അവസരമുണ്ട്. സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെയാണ് 'പയ്യാവൂർ മാംഗല്യം' സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു.
ഇതിനായി ആദ്യം അപേക്ഷാഫോം പൂരിപ്പിച്ച് നൽകണം. അപേക്ഷാഫോമിന്റെ മാതൃക സാമൂഹ്യമാധ്യമങ്ങൾ വഴിയും ഗ്രാമപഞ്ചായത്ത് ഓഫീസ് വഴിയും സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ വഴിയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട് ഫോട്ടോയും നൽകണമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന പി വി ശോഭന, വി സതീദേവി, സുശീല വേലായുധൻ, കെ മോഹനൻ എന്നിവർ പറഞ്ഞു.
.gif)

സ്ത്രീകളുടെ അപേക്ഷ സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറണം. കണ്ണൂർ ജില്ലാ വിധവക്ഷേമ സംഘം, എൻജിഒ യൂണിയൻ ബിൽഡിങ്, പഴയ ബസ്‌സ്റ്റാൻഡിന് സമീപം കണ്ണൂർ, 670001 മേൽവിലാസത്തിലും അയക്കാം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ഒരുക്കിയിരിക്കുന്ന പെട്ടിയിലോ പ്രസിഡന്റ്, പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത്, കണ്ണൂർ ജില്ല, 670633 എന്ന വിലാസത്തിലോ ആണ് പുരുഷന്മാർ അപേക്ഷ അയക്കേണ്ടത്. ഈ മാസം 20 ആണ് അവസാന തീയതി.
അപേക്ഷകർ രക്ഷിതാവിന്റെ ഫോൺനമ്പർ നൽകണം. സെപ്റ്റംബറിൽ വിവാഹാലോചനകൾ നടക്കുമെന്നും ഒക്ടോബറിൽ സമൂഹവിവാഹം നടത്താനാണ് തീരുമാനമെന്നും പ്രസിഡന്റ് സാജു സേവ്യർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 8547876345, 9656382001, 7510288588 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Payyavoor Grama Panchayat provides opportunity for men and women to get married regardless of caste and religion
