---
title: "വിഖ്യാത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു"
english_title: "Prof m K Sanu passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306115/prof-m-k-sanu-passes-away"
published_at: "2025-08-02T17:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e03aeaafaf_HGJGHJGH.jpg"
keywords: []
---

# വിഖ്യാത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു

> **Lead Summary:** എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം.

## Article Content

എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം.

അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്.

വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയിലാണ് എം.കെ സാനു ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം നാലു വര്‍ഷത്തോളം സ്‌കൂളില്‍ അധ്യാപകനായി. പിന്നീട് വിവിധ സർക്കാർ കോളേജുകളില്‍ അധ്യാപകനായി ജോലി ചെയ്തു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.

1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് അനന്യമായ സംഭാവനകൾ നൽകി എം.കെ. സാനു. ചങ്ങമ്പുഴയെക്കുറിച്ചുള്ള ഏറ്റവും ദീപ്തമായ പുസ്തകം സാനുവിന്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രമാണ്. ബഷീറിനെപ്പറ്റി ‘ഏകാന്തവീഥിയിലെ അവധൂതൻ’, പി.കെ. ബാലകൃഷ്ണനെപ്പറ്റി ‘ഉറങ്ങാത്ത മനീഷി’, ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറെപ്പറ്റി ‘അസ്തമിക്കാത്ത വെളിച്ചം’, ‘യുക്തിവാദി എം.സി. ജോസഫ്’ തുടങ്ങിയ ജീവചരിത്ര രചനകളും പ്രശസ്തമാണ്. ആശാൻ കവിതയെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ട് അദ്ദേഹം.

1983 ല്‍ ജോലിയിൽനിന്ന് വിരമിച്ചു. 1984 ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. 1987 ൽ എറണാകുളം നിയമസഭാമണ്ഡലത്തിൽനിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. പക്ഷേ പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി ശ്രീനാരായണ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കർമഗതി എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. സഹോദരന്‍ അയ്യപ്പന്‍റെ സഹോദരിയും പൊതുപ്രവര്‍ത്തകയുമായിരുന്ന തപസ്വിനി അമ്മയെക്കുറിച്ചുള്ള പുസ്തകമാണ് അവസാനം പ്രസിദ്ധീകരിച്ചത്.

പ്രധാന കൃതികൾ: ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്: ആശാന്‍ പഠനത്തിന് ഒരു മുഖവുര, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, എം. ഗോവിന്ദന്‍, യുക്തിവാദി എം.സി. ജോസഫ്, ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍, അസ്തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി, കര്‍മഗതി, മൃത്യുഞ്ജയം കാവ്യജീവിതം, ഇരുളും വെളിച്ചവും, രാജവീഥി, ചുമരിലെ ചിത്രങ്ങള്‍, പ്രഭാതദര്‍ശനം, അവധാരണം, താഴ്‌വരയിലെ സന്ധ്യ, സഹോദരന്‍ കെ. അയ്യപ്പന്‍.

വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306115/prof-m-k-sanu-passes-away)