ന്യൂഡൽഹി: ( www.truevisionnews.com ) ചിലരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. വധശിക്ഷ നീട്ടിവെച്ച ശേഷവും ദിയാധനത്തിന്റെ കാര്യത്തിലും മറ്റും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി സംഘം ഇരയുടെ കുടുംബാംഗങ്ങളുമായി തുടരുന്ന ചര്‍ച്ച സങ്കീര്‍ണമാകുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്.
ഇരയുടെ കുടുംബം ആദരിക്കുന്ന സൂഫി ഗുരുവായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലുകളെ നിഷേധിച്ചുകൊണ്ടും അവരെ അവഹേളിച്ചുകൊണ്ടും ചില മീഡിയകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ യെമനില്‍ പ്രചരിച്ചത് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയാറായ കുടുംബത്തിലെ കാരണവര്‍ക്കെതിരെ യുവാക്കള്‍ പ്രതിഷേധം നടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചെന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
.gif)

'ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് മലയാളികൾക്ക് തന്നെ അപമാനകരമായ കാര്യമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സുഖമമായി നടന്നിരുന്ന മധ്യസ്ഥ ചർച്ചകൾക്കാണ് ഇപ്പോൾ പ്രയാസം നേരിടുന്നത്. ദയവു ചെയ്ത് നിമിഷയുടെ ജീവൻ പണയം വെച്ചുകൊണ്ട് ക്രെഡിറ്റിന് വേണ്ടിയുള്ള തർക്കങ്ങളും റേറ്റിങ് വർദ്ധിപ്പിക്കാനുള്ള വാർത്തകളും നടത്തരുതെന്ന് ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്.
അത്തരം താല്പര്യമുള്ള ആളുകൾക്ക് ദൃശ്യത നൽകാതെ മാറ്റി നിർത്താൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാവണം. സോഷ്യൽ മീഡിയയിലും മറ്റും നടത്തുന്ന അനാവശ്യമായ ഇടപെടലുകളും സംവാദങ്ങളും ദയവു ചെയ്ത് ഒഴിവാക്കണമെന്നും മലയാളി സമൂഹത്തോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു'- ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു.
നിമിഷയുടെ വധശിക്ഷ താൽക്കാലികമായി മാറ്റിവയ്ച്ചുളള ഉത്തരവ് മാത്രമാണ് ഉണ്ടായിട്ടുളളതെന്നും ദിയാമണിയുടെ കാര്യത്തിലും മാപ്പ് നൽകുന്ന കാര്യത്തിലും കുടുംബം ഉറപ്പുനൽകുന്നത് വരെ നമ്മുടെ ശ്രമങ്ങൾ പൂർണമായി വിജയിക്കുന്നില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. 'നമ്മൾ നടത്തുന്ന അനാവശ്യമായ തർക്കങ്ങളുടെ നഷ്ടഫലങ്ങൾ അനുഭവിക്കേണ്ടി വരിക നിമിഷയാണ്.
ദയവു ചെയ്ത് നിമിഷയുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള തർക്കവിതർക്കങ്ങൾ എല്ലാവരും ഒഴിവാക്കുക. നിമിഷ മോചിതയായി നാട്ടിലെത്തുന്നത് വരെയെങ്കിലും സംയമനം പാലിക്കണം. അഞ്ചുവർഷത്തെ നീണ്ട പ്രയത്നത്തിനൊടുവിൽ നമ്മുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്ന ഈ വേളയിൽ ഉസ്താദിന്റെ ശ്രമങ്ങൾക്ക് നാം ഒരുമിച്ച് പിന്തുണ നൽകണമെന്നും മറ്റെല്ലാ അപസ്വരങ്ങളെയും ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.'-പ്രസ്താവനയില്‍ പറയുന്നു.'
the words and actions of some are further complicating Nimisha release efforts the Action Council responded
