അഹമ്മദബാദ്:(truevisionnews.com) ഗുജറാത്തിലെ നര്‍മദ കനാലില്‍ തള്ളിയിട്ട് പിതാവ് മകളെ കൊലപ്പെടുത്തി. ഭൂമിക എന്ന ഏഴുവയസുകാരിയാണ് മരിച്ചത്. സംഭവത്തില്‍ വിജയ് സോളങ്കി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകൾ കനാലിലേക്ക് തെന്നി വീണ് മരിച്ചു എന്നാണ് ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ മകളുടെ കൊലപാതക വിവരം ആദ്യം മറച്ചുവെച്ച അമ്മ പിന്നീട് പൊലീസിനോട് സത്യം തുറന്നുപറയുകയായിരുന്നു. ജൂണ്‍ 10 നാണ് ക്രൂരമായ കൊലപാതകം നടന്നത്. വിജയ് ഭാര്യയേയും മൂത്ത മകള്‍ ഭൂമികയെയും കൊണ്ട് അമ്പലത്തിലേക്ക് പോവുകയായിരുന്നു. ബൈക്കിലായിരുന്നു യാത്ര.
.gif)

യാത്രക്കിടയില്‍ തന്‍റെ മാതാപിതാക്കളെ കാണാന്‍ പോകണം എന്ന് അഞ്ജന ആവശ്യപ്പെട്ടു. പക്ഷേ വിജയ് സമ്മതിച്ചില്ല. എനിക്ക് ഒരാണ്‍ കുഞ്ഞിനെയായിരുന്നു വേണ്ടത്, പക്ഷേ നീ പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നായിരുന്നു വിജയ്‌യുടെ മറുപടി എന്ന് അഞ്ജന പറയുന്നു. പിന്നീട് കനാലിന് സമീപം എത്തിയപ്പോൾ ശക്തമായി ഒഴുകുന്ന വെള്ളത്തിലേക്ക് വിജയ് ഭൂമികയെ തള്ളിയിടുകയായിരുന്നു എന്നാണ് അഞ്ജനയുടെ മൊഴി. മീനുകളെ കാണുന്നതിന് വേണ്ടി കനാലിനടുത്തായി നിന്ന മകൾ വെള്ളത്തിലേക്ക് വീണു എന്നായിരുന്നു ഇവര്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
മാധ്യമങ്ങളോട് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജന പറഞ്ഞത് മീനുകളെ കാണിച്ചുകൊടുക്കട്ടെ എന്ന് പറഞ്ഞ് ഭൂമികയെ വിജയ് കൊണ്ടുപോവുകയും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിന് മുന്‍പ് കുട്ടിയെ അയാള്‍ വെള്ളത്തിലേക്ക് തള്ളിയിട്ടെന്നുമാണ്. സത്യം തുറന്നുപറഞ്ഞാല്‍ വിവാഹ ബന്ധം വേര്‍പെടുത്തും എന്നാണ് വിജയ് ഭീഷണിപ്പെടുത്തിയിരുന്നത്.
എന്നാല്‍ തന്‍റെ മകളുടെ കൊലപാതക വിവരം കൂടുതല്‍ക്കാലം മറച്ചുവെക്കാന്‍ അഞ്ജനയ്ക്കായില്ല. അവര്‍ പൊലീസിനോട് സത്യങ്ങൾ തുറന്നു പറഞ്ഞു. ഇരുവര്‍ക്കും രണ്ട് പെണ്‍കുട്ടികളായിരുന്നു. ഇതില്‍ വിജയ്ക്ക് നീരസം ഉണ്ടായിരുന്നു എന്നും അഞ്ജന പറഞ്ഞു
Father kills daughter by throwing her into Narmada canal in Gujarat
