കോഴിക്കോട് : ( www.truevisionnews.com ) തെരുവിൽ നേരിട്ട മാനസിക പീഡനത്തിൽ പകച്ചു നിൽക്കാതെ കാമവെറിയനായ യുവാവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സ്കൂൾ യൂണിഫോമിൽ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക് നടന്നു നീങ്ങി മിടുമിടുക്കികളായ പെൺകുട്ടികൾ. ഒടുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ചെക്യാട് പുളിയാവ് സ്വദേശി യുവാവ് അറസ്റ്റിൽ.
വിദ്യാലയങ്ങളിലും സമൂഹത്തിലും നടക്കുന്ന ബോധവൽക്കരണ പരിപാടികളുടെ വിജയമാണ് വിദ്യാർത്ഥിനികളുടെ ഈ ചെറുത്ത് നില്പ് നൽകുന്ന സൂചന. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെയായിരുന്നു നഗ്നതാ പ്രദർശനം. പുളിയാവ് സ്വദേശി പന്നിയ ൻ്റെവിട അനസ് (29 ) നെതിരെ പോക്സോ വകുപ്പ് ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
.gif)

വൈകിട്ട് സ്കൂൾ വിട്ട് നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ ബസ് ഇറങ്ങി ചാലപ്പുറം റോഡിലേക്ക് നടന്ന് പോവുകയായിരുന്നു രണ്ട് വിദ്യാർത്ഥിനികൾ. ഈ സമയത്ത് കാറിൽ എത്തിയ അനസ് കാർ നിർത്തി തൂണേരിയിലേക്കുള്ള വഴി ചോദിച്ചു. കുട്ടികൾ വഴി പറഞ്ഞു കൊടുക്കുന്നതിനിടെയിൽ ഇയാൾ വസ്ത്രം മാറ്റി കുട്ടികൾക്ക് നേരെ പിടിച്ചു. പെൺകുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് കാറെടുത്ത് കടന്നു കളയുകയായിരുന്നു.
ഇതിനിടയിൽ കുട്ടികൾ കാറിൻ്റെ നമ്പർ കുറിച്ചെടുത്തു. പിന്നെ നേരെ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക് ഇരുവരും നടന്നു . ഇതിനിടയിൽ ഒരു കുട്ടിയുടെ മാതാപിതാക്കൾ അതുവഴി വരുന്നുണ്ടായിരുന്നു. സംഭവം ഇവർ വിശദീകരിച്ച ശേഷം നാദാപുരം സ്റ്റേഷനിൽ എത്തി സി ഐ യെ നേരിൽ കണ്ട് പരാതി പറയുകയായിരുന്നു.
കാർ നമ്പർ പൊലീസ് പരിശോധിച്ചപ്പോൾ പ്രതിയുടെ അടുത്ത ബന്ധുവിൻ്റെതായിരുന്നു. ഇയാളിൽ നിന്ന് ഫോൺ നമ്പർ വാങ്ങിച്ച് പ്രതിയേയും കാറും പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. പൊലീസ് ചോദ്യം ചെയ്യലിൽ അനസ് കുറ്റം സമ്മതിച്ചതായും അറിയുന്നു. ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിന് കുട്ടികളോ രക്ഷിതാക്കളോ വഴങ്ങിയില്ല.
കഴിഞ്ഞ ആഴ്ച്ച കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ നാദാപുരം സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫീസർ ബോധവൽക്കരണ ക്ലാസ് എടുത്തിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ നിയമനടപടി തുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ സമാന അനുഭവങ്ങൾ ഉണ്ടായതായി മേഖലയിലെ ഒരു കോളേജിൽ പഠിക്കുന്ന പെൺകുട്ടികളും പറയുന്നുണ്ട്.
Girls in school uniforms go to Nadapuram police station to arrest a sex addict
