May 24, 2025 10:34 AM

കോട്ടയം: (truevisionnews.com)  ഒരു പാർട്ടി വീട് നിർമിച്ച് നൽകി. വീട്ടിലെ കിണറ്റിൽ ഒരു പൂച്ച വീണു. ആ പൂച്ചയെ എടുക്കാൻ വേറൊരു പാർട്ടി വന്നു. ഒടുക്കം വീട്ടുടമ ആ പാർട്ടിയിൽ ചേർന്നു എന്നതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥ . കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.

സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വമെടുത്തത്. തൊടുപുഴയിൽ നടന്ന പരിപാടിയിൽവെച്ച് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി അറിയിച്ചിരുന്നു.

വികസിത കേരളം കൺവെൻഷന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടി എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ സ്വീകരിച്ചു. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകിയിരുന്നു. കോൺഗ്രസും സിപിഎമ്മും ശരിയല്ലാത്തതുകൊണ്ടാണ് ബിജെപി യിൽ അംഗത്വം എടുത്തതെന്ന് മറിയക്കുട്ടി പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമാണ് ബിജെപിയിൽ ചേർന്നത്. തനിക്ക് സഹായം ചെയ്യുന്നവരോടൊപ്പം നിൽക്കും. കേരളത്തിൽ സ്വതന്ത്രമായി ജീവിക്കാനാകാത്ത അവസ്ഥയാണെന്നും മറിയക്കുട്ടി പറഞ്ഞു. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പരസ്യമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനെ പിന്തുണച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. തുടർന്നാണ് കെപിസിസി ഇവർക്ക് വീട് നിർമിച്ചു നൽകിയത്.


SunnyJoseph mocked Maryakutty joining BJP.

Next TV

Top Stories