ഇടുക്കി: ( www.truevisionnews.com ) കട്ടപ്പനയിൽ ഹോട്ടലിൽ കറിയെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. പുളിയൻമല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം.

ഹോട്ടലിന് സമീപത്തെ തുണിക്കടയിൽ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്.
ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും കറി ചോദിച്ചപ്പോൾ ഹോട്ടൽ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. ജഗ്ഗ് കൊണ്ടുള്ള ആക്രമണത്തിലാണ് രണ്ടു പേർക്ക് പരിക്കേറ്റത്.
സംഭവത്തിൽ ഭക്ഷണം കഴിക്കാനെത്തിയ നാലു പേരും ഹോട്ടൽ ജീവനക്കാരായ നാലു പേരും ചികിത്സ തേടി. ആശുപത്രിയിൽ എത്തിയ ശേഷവും ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടായി. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
hotel brawl curry fight
