സൂറത്ത്: (truevisionnews.com) ബിസിനസുകാരനെ ജീവനക്കാരൻ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി നദിയിൽ ഉപേക്ഷിച്ചു. ദൂബെ സെക്യൂരിറ്റി സർവിസസ് ഉടമ ചന്ദ്രഭാൻ ദൂബെയാണ് കൊല്ലപ്പെട്ടത്. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് രണ്ട് ബാഗുകളാക്കി മിഥിഖാദി നദിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മേയ് 12 മുതൽ ദൂബെയെ കാണാതായിരുന്നു. അതേ ദിവസം വൈകുന്നേരം ദൂബെ ഓഫിസിൽ നിന്ന് ഇറങ്ങുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റാഷിദ് അൻസാരി എന്നയാളാണ് ദൂബെയെ കൊലപ്പെടുത്തിയത്.
ചന്ദ്രഭാൻ ദൂബെയുടെ സ്ഥാപനത്തിലെ തൊഴിലാളിയാണ് അൻസാരി. ഒരു കോടി രൂപ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മൃതദേഹം കണ്ടെത്തിയ കാര്യം അറിയാതെ അൻസാരി വെള്ളിയാഴ്ചയും കുടുംബത്തെ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലപ്പെട്ട ദിവസം വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് ദൂബെയുടെ കുടുംബം അൻസാരിയുമായി ബന്ധപ്പെട്ടിരുന്നു. ദൂബെയെ സിബി പട്ടേൽ സ്റ്റേഡിയത്തിന് സമീപം ഇറക്കിവിട്ടത് താനാണെന്നും അവിടെ വെച്ച് ദൂബെ ഒരു വെളുത്ത കാറിൽ കയറിയെന്നുമാണ് അൻസാരി വീട്ടുകാരോട് പറഞ്ഞത്. ദൂബെയുടെ കുടുംബം മേയ് 13ന് പൊലീസിൽ പരാതി നൽകി.
ശയം തോന്നാതിരിക്കാൻ ആദ്യം കുടുംബത്തോടും പൊലീസിനോടുമൊപ്പം തിരച്ചിൽ നടത്തിയ അൻസാരി പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തുടങ്ങിയെന്ന് മനസ്സിലാക്കിയപ്പോൾ ഒളിവിൽ പോയി. 500ലധികം സി.സി.ടി.വി കാമറകൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഒടുവിൽ ദൂബെയെ സൂറത്തിലെ അൻസാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി.
പിന്നീട് ദൂബെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല. അൻസാരി രണ്ട് വലിയ ബാഗുകളുമായി പുറത്തേക്ക് ഇറങ്ങുന്നതും മിഥിഖാദി നദി പരിസരത്തേക്ക് പോകുന്നതും കണ്ടു. അവിടെ നിന്നാണ് ദൂബെയുടെ മൃതദേഹം അടങ്ങിയ രണ്ട് ബാഗുകൾ കണ്ടെത്തിയത്. അൻസാരിയുടെ വീട്ടിൽ വെച്ചാണ് ദൂബെ കൊല്ലപ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ വിജയ് സിംങ് ഗുർജാർ സ്ഥിരീകരിച്ചു.
Businessman murdered body dumped river bags employee arrested
