കോഴിക്കോട് : ( www.truevisionnews.com) മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎയും ഉദ്ഘാടനം നടത്തിയ വികസന പദ്ധതികളുടെ ശിലാഫലകങ്ങൾ സ്ഥാപിക്കാൻ മടിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥർ.

നാദാപുരത്ത് മാത്രം കോടികളുടെ വികസന പദ്ധതികൾ ഉദ്ഘടനം ചെയ്തിട്ടും ഉദ്ഘാടന ഫലകങ്ങൾ കുപ്പത്തൊട്ടിയിൽ . ചരിത്രത്തിൻ്റെ ഭാഗമാവേണ്ട വികസന പദ്ധതികളുടെ ശിലാഫലകങ്ങളാണ് സ്ഥാപിക്കാതെ അലക്ഷ്യമായി പലയിടത്തും വെച്ചിട്ടുള്ളത്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കേരള ഗവണ്മെന്റ് എട്ട് കോടിയിലധികം രൂപ ചിലവഴിച്ച് ബഹുനില കെട്ടിടവും ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ച ശിലാഫലകം ഏതാനും മാസം മുമ്പേ വരെ സ്കൂൾ മൂത്രപുരയുടെ പിറകിൽ കൊണ്ടിട്ട നിലയിലായിരുന്നു. ഇപ്പോൾ അവിടെയും കാണാനില്ല.
വളയം കുടുംബാരോഗ്യ കേന്ദ്രത്തിന് 1957 ൽ അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് നടത്തിയ ശിലാസ്ഥാനം ഇന്നും മായാതെ ചരിത്ര രേഖയായി ഉണ്ട്. പുത്തൻ കെട്ടിടവും സൗകര്യങ്ങളും ആയിട്ടും ശിലാ ഫലകം സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം നടപ്പാക്കാൻ സ്കൂൾ അധികൃതരും തല്പര്യം കാണിക്കുന്നില്ല എന്ന ആക്ഷേപം നിലവിലുണ്ട്.
നാദാപുരം - കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ കല്ലാച്ചി മിനിബൈപ്പാസ് ,നാദാപുരം പുളിക്കൂൽ റോഡ്' എന്നിവിടങ്ങിലെ ശിലാഫലകങ്ങളും മാസങ്ങൾ കഴിഞ്ഞിട്ടും കുപ്പത്തൊട്ടിയിൽ തന്നെ കിടക്കുകയാണ് . മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് എത്തി നാട് ആഘോഷമാക്കിയ പരിപാടികളാണ് ഇവ രണ്ടും.
നാദാപുരത്തെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നിരവധി തവണ പി ഡബ്ലു ഡി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും യാതൊരു ഇടപെടലും ഇവർ നടത്തുന്നില്ല. പദ്ധതികൾ വരും മുമ്പേ അവകാശ ബോഡുകൾ ഉയരുന്ന നാട്ടിലാണ് സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾ അടയാളപ്പെടുത്താതെ പോകുന്നത്.
Inaugural plaques dustbin PWD attempts hide state government development projects worth crores
