തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാറിൽ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.

തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയ്‌ലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം.
ജൂനിയർ അഭിഭാഷകയെ മാറ്റാൻ താൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാർ കൗൺസിലിന് നൽകിയ പരാതി. ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയ്‌ലിൻ ദാസ് വാദിക്കുന്നു.
സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകനെ പിടികൂടാൻ വൈകുന്നതിൽ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രതിയായ ബെയ്‌ലിൻ ദാസിനെ അഭിഭാഷക മർദ്ദിച്ചെന്ന ബാർ അസോസിയഷൻ സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്നും കുടുംബം വ്യക്തമാക്കി.
പരാതിക്കാരിയായ അഭിഭാഷക ശ്യാമിലിയ്ക്കെതിരെ ഇന്നലെ ന്യൂസ് അവറിലായിരുന്നു ബാർ അസോസിയേഷൻ സെക്രട്ടറി ജി മുരളീധരന്‍റെ ഗുരുതര ആരോപണം. എന്നാൽ കള്ളം പ്രചരിപ്പിക്കുകയാണ് ബാർ അസോസിയേഷൻ സെക്രട്ടറിയെന്നും ജാമ്യം കിട്ടാനുള്ള പ്രചാരണമാണിതെന്നും ശ്യാമിലി മർദ്ദിച്ചിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കട്ടെ എന്നുമായിരുന്നു അമ്മ വസന്ത പറയുന്നത്.
junior woman advocate assault case senior adv beyline das police custody
