കോട്ടക്കൽ: ( www.truevisionnews.com ) എടരിക്കോട് മമ്മാലിപ്പടിയിൽ കണ്ടൈനർ ലോറി വാഹനങ്ങളിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരണം രണ്ടായി. പിഞ്ചുകുഞ്ഞും ഫർണിച്ചർ വ്യാപാരിയുമാണ് മരിച്ചത്. 28 പേർക്ക് പരിക്കേറ്റു.

ഫർണിച്ചർ വ്യാപാരി ഒതുക്കുങ്ങൽ പള്ളിപ്പുറം വടക്കേതിൽ മുഹമ്മദലി (ബാവാട്ടി -47), വടക്കാഞ്ചേരി തിരുമുറ്റിക്കോട് അക്കര ബഷീറിൻ്റെ മകൾ ദുഅ ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന മുഹമ്മദലി തത്ക്ഷണവും ഒന്നരവയസ്സുകാരി ആശുപത്രിയിലുമാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.
മമ്മാലിപ്പടിയില്‍ ആറുവരിപ്പാതയോടുചേര്‍ന്ന സര്‍വീസ് റോഡില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ട്രെയ്‌ലർലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുപോവുകയായിരുന്നു കമ്പികയറ്റിയ ട്രെയ്‌ലർലോറി. ആറുവരിപ്പാതയില്‍ നിന്നിറങ്ങി സര്‍വീസ് റോഡിലൂടെ എടരിക്കോട് തിരൂര്‍ പാതയിലേക്ക് ഇറങ്ങിവരുന്നതിനിടെ നിയന്ത്രണംവിടുകയായിരുന്നു.
പിന്നാലെ, റോഡിലുണ്ടായിരുന്ന കണ്ടെയ്‌നര്‍, ബൈക്കുകള്‍, കാറുകള്‍ എന്നിവ ഉള്‍പ്പടെ പത്തിലേറെ വാഹനങ്ങളില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവര്‍ത്തകരും അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തി. കൂടുതല്‍ ആളുകൾ ലോറിക്കടിയില്‍ പെട്ടിട്ടുണ്ടെന്ന അഭ്യൂഹം കുറച്ചുനേരം ആശങ്ക പടര്‍ത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.
പരിക്കേറ്റവരെ ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയിലും ഒരാളെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടേയും മൃതദേഹങ്ങള്‍ ചങ്കുവെട്ടി അല്‍മാസ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. മരത്തിന്റെ ഉരുപ്പടികള്‍ നിര്‍മിച്ചുനല്‍കുന്ന ബിസിനസ്സുകാരനാണ് മരിച്ച മുഹമ്മദലി. ഭാര്യ: സുമയ്യ. മക്കള്‍: മുഹമ്മദ് അജ്ഫാന്‍, ഫാത്തിമ സയീദ, മെഹ്‌റിന്‍, മുഹമ്മദ് ഷസിന്‍, ഷന്‍സ ഫാത്തിമ
two killed kottakkal edarikode mammalippady accident
