( www.truevisionnews.com) വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്താന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. നിയന്ത്രണ രേഖക്ക് സമീപം പാക് വെടിവെപ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 മരിച്ചുവെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

വിദേശകാര്യ – പ്രതിരോധകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വിവരങ്ങള്‍ വിശദമാക്കിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണര്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണമാണ് ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ ആരംഭമെന്നും വ്യക്തമാക്കി. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, അദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, ഫലോദി, നല്‍, ഉത്തര്‍ലായ്, ഭുജ് ഉള്‍പ്പടെയുള്ള വടക്ക് – പടിഞ്ഞാറന്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡ്രോണുകള്‍ മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്താന്‍ പാകിസ്താന്‍ ശ്രമിച്ചു.
ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇവയെ നിര്‍വീര്യമാക്കി. നിരവധി സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള അവശിഷ്ടങ്ങള്‍ ഈ ആക്രണണങ്ങളുടെ പിന്നില്‍ പാകിസ്താന്‍ തന്നെയാണെന്ന് തെളിയിക്കുന്നതാണ് – സോഫിയ ഖുറേഷി വ്യക്തമാക്കി. ഇന്ത്യന്‍ ആക്രമണം പാകിസ്താനി സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചായിരുന്നില്ലെന്നും വ്യക്തമാക്കി. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്നും ആവര്‍ത്തിച്ചു.
ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയില്‍ പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നപ്പോള്‍ ടിആര്‍എഫിന്റെ പങ്ക് പാകിസ്താന്‍ നിരാകരിച്ചിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൂണ്ടിക്കാട്ടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒന്നല്ല, രണ്ടുതവണ ടിആര്‍എഫ് ഏറ്റെടുത്തതിന് ശേഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം രൂക്ഷമാക്കുകയല്ല ഉദ്ദേശ്യമെന്നും സംഘര്‍ഷങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിക്രം മിസ്രി വ്യക്തമാക്കി. സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്നും പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രമേ ആക്രമിക്കപ്പെട്ടിട്ടുള്ളൂവെന്നും വിക്രം മിസ്രി പറഞ്ഞു.
operation sindoor liveupdate
