കോഴിക്കോട് : (truevisionnews.com) ഉരുള്‍പൊട്ടല്‍ നാശമുണ്ടായ വിലങ്ങാട് പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്കില്ലെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. വാണിമേല്‍ പഞ്ചായത്തിലെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കലക്ടര്‍.

നിര്‍മാണ പ്രവര്‍ത്തനത്തിന് ദുരന്ത നിരവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണെങ്കില്‍ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കും. 31 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. സാങ്കേതിക കാരണത്താല്‍ നല്‍കിയിട്ടില്ലാത്ത രണ്ട് കുടുംബത്തിന്റെ തുക അടുത്ത ദിവസം നല്‍കും.
ചില വീടുകള്‍ക്ക് കൂടി തകരാറുണ്ട്. അപേക്ഷ നല്‍കിയാല്‍ പരിശോധിച്ച് പരിഗണിക്കും. വിലങ്ങാട് വയനാട് പോലെ മൊത്തമായി ഒഴിപ്പിക്കാനോ പുനരധിവസിപ്പിക്കാനോ പോകുന്നില്ല. മൂന്ന്, നാല് വാര്‍ഡുകളില്‍ എങ്ങനെ സുരക്ഷിതമായി താമസിപ്പികാന്‍ സാധിക്കുമെന്ന് എന്‍ഐടിയുമായി ചര്‍ച്ച ചെയ്ത ശേഷം പരിശോധിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. വാണിമേല്‍ പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളിലാണ് ഉരുള്‍പ്പൊട്ടല്‍ നാശം വിതച്ചിരുന്നത്.
യോഗത്തില്‍ ഇ കെ വിജയന്‍ എം എല്‍ എ, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചര്‍, ഡെപ്യൂട്ടി കളക്ടര്‍ അനിത കുമാരി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
District Collector Snehil Kumar Singh said no complete ban construction activities Vilangad area
