നെല്ലിമൂട്: (truevisionnews.com) പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിലാണ് നെല്ലിമൂട് ഗ്രാമം. നെല്ലിമൂടിന്റെ കലാസാംസ്‌കാരിക, രാഷ്‌ട്രീയ മേഖലയിലെ പ്രിയപ്പെട്ട നാലു യുവാക്കളാണ് മരിച്ചത്. തമിഴ്നാട് മുത്തുപേട്ടയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിലാണ് നെല്ലിമൂട് സ്വദേശികളായ രാജേഷ്, ജയപ്രസാദ്, ഷാജുനാഥ്, രാഹുൽ എന്നിവരെ നാടിനു നഷ്ടമായത്.

ശനിയാഴ്ച രാത്രിയിൽ നെല്ലിമൂട്ടിൽനിന്ന് വേളാങ്കണ്ണിക്കു പോയതായിരുന്നു ഇവർ. നാട്ടിൽ ഒരുമിച്ച് കളിച്ചുവളർന്നവർ. നെല്ലിമൂട്ടിലെ ക്ഷേത്രോത്സവങ്ങളിലും മറ്റു സാംസ്‌കാരിക പരിപാടികളിലും മുന്നിൽനിൽക്കാൻ എപ്പോഴും ഇവരുണ്ടാകും. മറ്റുള്ളവരെ സഹായിക്കാനും ഒട്ടും മടിയില്ലാത്ത ഇവരെക്കുറിച്ച് നല്ലതുപറയാൻ മാത്രമേ പരിചിതർക്കാവൂ.
അപകടത്തിലകപ്പെട്ടവർ നാട്ടിലെ പേരെടുത്ത ഡ്രൈവർമാർകൂടിയാണ്. ജയപ്രസാദ് വട്ടപ്പാറ കല്ലയം സ്വദേശിയാണെങ്കിലും നെല്ലിമൂട്ടിൽ ബി.എം. മോട്ടോഴ്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. നെല്ലിമൂട്ടിൽ സഹോദരി ജയലക്ഷ്മിയുടെ വീട്ടിലാണ് താമസം. ഷാജുനാഥ് രവി മൊബൈൽസ് എന്ന സ്ഥാപനം നടത്തുകയാണ്.
ഒന്നു മയക്കത്തിലാകുന്നതിനിടയിൽ കേട്ട ഉഗ്രശബ്ദം മാത്രമേ ഓർമ്മയുള്ളൂ. സഞ്ചരിച്ച വാഹനം ഉയർന്നുതാഴ്ന്നു. കൂട്ടുകാരൊക്കെ പലയിടത്തേക്കു ചിന്നിച്ചിതറി. റോഡിൽക്കിടന്ന് ഏറെനേരത്തിനുശേഷമാണ് അപകടം ഉണ്ടായതെന്നു തിരിച്ചറിഞ്ഞത്. ഒപ്പം ഇരുന്നവർ ചോരയിൽ കുളിച്ചുകിടക്കുന്ന കാഴ്ചയും. പിന്നെ അലറിവിളിച്ചു. ആരൊക്കെയോ ഓടിയെത്തി. വേഗത്തിൽ ആംബുലൻസ് വന്നു. എല്ലാവരെയും വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും മാറാത്ത വിറയലോടെയാണ് പരിക്കുകളോടെ രക്ഷപ്പെട്ട രജനീഷ് നാട്ടിലെ സുഹൃത്തുക്കളോട് അപകടത്തെക്കുറിച്ചു വിവരിച്ചത്. വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്‌ക്കിടെ ഞായറാഴ്ച രാവിലെ തമിഴ്നാട് മുത്തുപേട്ടയ്‌ക്കടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡിൽ അപകടം നടക്കുന്നതിന് മൂന്ന് കിലോമീറ്റർ മുൻപ് വാഹനം നിർത്തി. കടയിൽ കയറി ചായ കുടിച്ച് ക്ഷീണം തീർത്തു.
തുടർന്ന് കൂട്ടത്തിലുണ്ടായിരുന്ന രാജേഷ് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒന്ന് മയങ്ങാമെന്നുകരുതിയാണ് രജനീഷ് വാഹനത്തിന്റെ ഇടതുവശത്ത് കയറിയത്. വണ്ടി മുന്നോട്ടെടുത്തപ്പോൾ ഒന്ന് കണ്ണടച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിലാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. വാഹനത്തിന്റെ ഒരുവശം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഈ ഭാഗത്തുണ്ടായിരുന്നവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
തിരുതുറൈപ്പൂണ്ടി സർക്കാർ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെനിന്ന് തിരുവാരൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴും യാത്രയിൽ ഒപ്പമുണ്ടായിരുന്നവർ അപ്പുറത്തുണ്ടെന്നാണ് കരുതിയത്. പിന്നാലെ എത്തിയത് മരണവാർത്തയാണ്.
അപകടം അറിഞ്ഞ് നാട്ടുകാരെല്ലാം വിളിക്കുന്നതും രജനീഷിനെയാണ്. അപകടത്തിൽ രജനീഷിനൊപ്പം സാബുവിനും സുനിലിനും ഗുരുതരമായി പരിക്കേറ്റെങ്കിലും അപകടനില തരണംചെയ്തു. ഇവർക്കു ശസ്‌ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. ഇത് തിരുവനന്തപുരത്തെത്തിച്ച് നടത്താമെന്നാണ് ബന്ധുക്കളുടെ തീരുമാനം.
four friends thiruvananthapuram killed tamilnadu road accident
