(truevisionnews.com) ഒരു വിവാഹാഘോഷത്തിനിടെ തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കം രണ്ട് കൗമാരക്കാരുടെ കൊലപാതകത്തില്‍ കലാശിച്ചു. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് സംഭവം . 17 -കാരനായ ആശിഷ്, 18 -കാരനായ രവി എന്നിവര്‍രാണ് മരിച്ചത് . വിവാഹത്തിനിടെ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹത്തിന് അതിഥികളായി എത്തിയവര്‍ ചേരി തിരിഞ്ഞ് അടിക്കുകയായിരുന്നു.

തർക്കത്തെ തുടർന്ന് അവിടെ നിന്നും ഇറങ്ങിയ ഇരുവരെയും വിവാഹത്തിനെത്തിയവര്‍ പിന്തുടർന്ന് അക്രമിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഞായറാഴ്ച നടന്ന വിവാഹ വിരുന്നിനിടെ ബന്ധുക്കളായ ആശിഷും രവിയും അർദ്ധരാത്രിയോടെ ഭക്ഷണം കഴിക്കാനായി തന്തൂരി റൊട്ടി കൗണ്ടറിന് മുന്നില്‍ കാത്തുനിൽക്കുമ്പോൾ വരന്‍റെ ബന്ധുവായ രോഹിത്തുമായി തർക്കമുണ്ടായി.
ഇതോടെ പ്രശ്നത്തില്‍ രോഹിത്തിന്‍റെ സുഹൃത്തുക്കളും വരന്‍റെ ബന്ധുക്കളും തർക്കത്തില്‍ ഇടപെടുകയും ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. കൗമാരക്കാരും രോഹിത്തും തമ്മിലുള്ള ഒരു സാധാരണ തര്‍ക്കം നിമിഷ നേരം കൊണ്ട് മറ്റുള്ളവരേറ്റെടുക്കുകയും വിവാഹ വേദി യുദ്ധക്കളായി മാറുകയുമായിരുന്നു.
ഇരുവരും ചേര്‍ന്ന് തങ്ങളെ അപമാനിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പിന്നീട് പോലീസിനോട് പറഞ്ഞു. അതേസമയം രോഹിത്തുമായുള്ള തർക്കത്തിന് പിന്നാലെ രവിയും ആശിഷും ഭക്ഷണം കഴിക്കാതെ വിവാഹ വേദി വിട്ടെങ്കിലും രോഹിത്തും സുഹൃത്തുക്കളും പുലര്‍ച്ചെ ഒരു മണിയോടെ ഇരുമ്പ് വടിയും ഹോക്കി സ്റ്റിക്കുകളും ലാത്തികളുമായി ഇരുവരെയും പിന്തുടരുകയും മർദ്ദിക്കുകയായിരുന്നു.
ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ക്രൂരമായ അക്രമണത്തെ തുടര്‍ന്ന് വഴിയില്‍ വീണ് പോയ ഇരുവരും ചോരവാര്‍ന്നാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വഴി മധ്യേ ഇരുവരും മരിച്ചതായി ഡോക്ടർമാര്‍ സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശിഷിന്‍റെ അച്ഛന്‍റെ പരാതിയില്‍ 13 പേര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
argument over tandoori rotti during celebration resulted murder two teenagers.
