കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് 42,000 രൂപയുടെ ബില്ല് വന്ന സംഭവത്തിൽ ഒടുവിൽ പരിഹാരം. രോഗിയെ ഡിസ്ചാർജ് ചെയ്യാമെന്ന് സ്വകാര്യ ആശുപത്രി അറിയിച്ചു. പരിഹരിക്കാമെന്ന് മന്ത്രി റിയാസ് വിളിച്ച് സംസാരിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ബിൽ തുക സർക്കാർ അടക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

രോഗിക്കുള്ള വെന്റിലേറ്റർ ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും മെഡിക്കൽ കോളേജിൽ സജ്ജമാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. രോഗിക്കുള്ള വെന്റിലേറ്റർ ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കൽ കോളേജിൽ സജ്ജമാണ്. പ്രശ്നം ജില്ലാ കളക്ടറെയും ആരോഗ്യമന്ത്രിയെയും അറിയിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടത്തെ തുടർന്നാണ് പേരാമ്പ്ര സ്വദേശി വിശ്വനാഥനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന ഭീമമായ ബിൽ തുക വന്നതോടെ പണം അടയ്ക്കാൻ നിവൃത്തിയില്ലാതെ ബന്ധുക്കള്‍ വലഞ്ഞു. ഇന്നലെ കുടുംബത്തെ അറിയിക്കാതെയാണ് വിശ്വനാഥനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് മകൻ വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രിയാണ് വിശ്വനാഥനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലേക്ക് തിരികെ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് ബില്ല് നൽകിയത്. മെഡിക്കൽ കോളേജിൽ തന്നെ ചികിത്സ തുടരാനായിരുന്നു കുടുംബത്തിന്റെ താല്പര്യം. സ്വകാര്യ ആശുപത്രിയിൽ ബിൽ അടയ്ക്കാതെ ഇനി രോഗിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആകില്ലെന്ന് സാഹചര്യമാണ് ഉണ്ടായിരുന്നത്. തുടർന്നാണ് ഇപ്പോൾ പ്രശ്നത്തിന് പരിഹാരമായിരിക്കുന്നത്.
Medical college accident; Bill 42000 private hospital Hospital finally patient discharged
