തിരുവനന്തപുരം : (truevisionnews.com) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. മേയ് ഒന്നിന് ഉച്ചയ്ക്കു 2 മുതൽ രാത്രി 10 മണി വരെയും മേയ് രണ്ടിന് രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലേക്കു വരുന്നവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും പൊലീസ് അറിയിച്ചു.

വിമാനത്താവളത്തിന്റെ ശംഖുമുഖം ഡൊമസ്റ്റിക് ടെർമിനലിലേക്ക് (ടി 1) പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈ ഓവർ , ഈഞ്ചയ്ക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ചാക്ക ഇന്റർനാഷനൽ ടെർമിനലിലേക്ക് ( ടി2) പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ലൈ ഓവർ , ഈഞ്ചയ്ക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.
ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ശംഖുംമുഖം, ചാക്ക , പേട്ട ,പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, മ്യൂസിയം, വെള്ളയമ്പലം , കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ലയെന്നും പൊലീസ് അറിയിച്ചു. നാളെ രാവിലെ 6.30 മുതൽ ഉച്ചയ്ക്കു 2 വരെ കവടിയാർ , വെള്ളയമ്പലം, ആൽത്തറ , ശ്രീമൂലം ക്ലബ് , ഇടപ്പഴിഞ്ഞി , പാങ്ങോട് മിലിറ്ററി ക്യാംപ് പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ലയെന്നും പൊലീസ് അറിയിച്ചു.
ഇന്നും നാളെയും ശംഖുംമുഖം - വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - എസ്.പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപാലം - ചൂരക്കാട്ടുപാളയം - തമ്പാനൂർ ഫ്ലൈഓവർ - തൈക്കാട് -വഴുതക്കാട് - വെള്ളയമ്പലം റോഡിലും വഴുതക്കാട് - മേട്ടുക്കട – തമ്പാനൂർ ഫ്ലൈഓവർ-തമ്പാനൂർ – ഓവർ ബ്രിജ് - കിഴക്കേക്കോട്ട – മണക്കാട് - കമലേശ്വരം - അമ്പലത്തറ – തിരുവല്ലം - വാഴമുട്ടം - വെള്ളാർ - കോവളം - പയറുംമൂട് - പുളിങ്കുടി- മുല്ലൂർ -മുക്കോല വരെയുള്ള റോഡിലും, തിരുവല്ലം - കുമരിച്ചന്ത -കല്ലുമൂട് - ചാക്ക – ഓൾസെയ്ന്റ്സ് - ശംഖുംമുഖം റോഡിലും പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണം ലംഘിച്ചു പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. പരാതികൾ 94979 30055, 0471 2558731 ഈ ഫോൺ നമ്പറിൽ അറിയിക്കാം.
പ്രധാനമന്ത്രി ഇന്നെത്തും; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം: (truevisionnews.com) കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.
വ്യാഴാഴ്ച വൈകീട്ട് 7.50-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നേരേ രാജ്ഭവനിലേക്ക് പോകും. വെള്ളിയാഴ്ച രാവിലെ 9.30-ന് രാജ്ഭവനിൽനിന്ന് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തുമെത്തും.
10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററിൽ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12.30-ന് ഹൈദരാബാദിലേക്കുപോകും.
Traffic restrictions Thiruvananthapuram city connection NarendraModi's visit.
