ദെഹ്‌റാദൂണ്‍: ( www.truevisionnews.com ) വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തില്‍ പിതാവിനെ 18-കാരന്‍ തലയ്ക്കടിച്ച് കൊന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ മംഗലൗറിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ സലീം(62) ആണ് കൊല്ലപ്പെട്ടത്. സലീമിന്റെ മകനായ മുഷാഹിറാണ് കൃത്യത്തിന് പിന്നിലെന്നും ഇയാള്‍ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.

സലീമും ഭാര്യയും മൂന്നുമക്കളും ഏറെനാളായി മംഗലൗറിലെ ഗ്രാമത്തിലാണ് താമസം. ഗ്രാമത്തിലെ ഒരു ഇഷ്ടികച്ചൂളയില്‍ ജോലിചെയ്തിരുന്ന സലീമും കുടുംബവും ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. സലീമിനൊപ്പം ഭാര്യയും മക്കളും ഇഷ്ടികച്ചൂളയില്‍ ജോലിചെയ്തിരുന്നു.
ഞായറാഴ്ച ജോലിക്കിടെ മകന്‍ മുഷാഹിര്‍ മടിപിടിച്ചിരുന്നത് സലീമിനെ പ്രകോപിപ്പിച്ചിരുന്നു. വളരെ പതുക്കെ മടിയോടെ ജോലിയെടുക്കുന്നത് കണ്ടപ്പോള്‍ സലീം മകനെ വഴക്കുപറഞ്ഞു. ഇത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി. ഇതിനുപിന്നാലെയാണ് സമീപത്തുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് മുഷാഹിര്‍ പിതാവിന്റെ തലയ്ക്കടിച്ചത്.
ഗുരുതരമായി പരിക്കേറ്റ സലീം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
murder scolded lazyman killed father
