ന്യൂഡൽഹി: (truevisionnews.com) പാകിസ്താൻ പൗരർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യൻ സർക്കാർ റദ്ദാക്കിയതിനു പിന്നാലെ തന്നെ നാടുകടത്തരുതെന്ന അഭ്യർത്ഥനയുമായി സീമ ഹൈദർ.

2023-ൽ തന്റെ ഇന്ത്യൻ കാമുകനായ സച്ചിൻ മീണയെ വിവാഹം കഴിക്കാൻ പാകിസ്താനിൽ നിന്ന് എത്തിയതാണ് സീമ. സിന്ധ് പ്രവിശ്യയിൽനിന്ന് നാല് കുട്ടികളോടൊപ്പം നേപ്പാൾ വഴിയാണ് ഇവർ എത്തിയത്.
ഉത്തർപ്രദേശിലെ നോയിഡയിലാണ് സീമ ഹൈദർ നിലവിൽ താമസിക്കുന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തനിക്ക് തിരികെ പോകേണ്ടെന്നും ഇന്ത്യയിൽ തുടരാൻ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും അനുവദിക്കണമെന്നും ഇവർ പറയുന്നത്.
താൻ പാകിസ്താന്റെ മകളായിരുന്നു, പക്ഷേ ഇപ്പോൾ ഇന്ത്യയുടെ മരുമകളാണെന്ന് സീമ പറഞ്ഞു. സച്ചിൻ മീനയെ വിവാഹം കഴിച്ചതിനുശേഷം താൻ ഹിന്ദുമതം സ്വീകരിച്ചതായും അവർ അവകാശപ്പെടുന്നു. സീമക്ക് ഇന്ത്യയിൽ തുടരാനാകുമെന്നാണ് പ്രതീക്ഷയെന്ന് അവരുടെ അഭിഭാഷകനായ എ പി സിങ് പറഞ്ഞു.
"സീമ ഇനി ഒരു പാകിസ്താൻ പൗരയല്ല. ഗ്രേറ്റർ നോയിഡയിലെ താമസക്കാരനായ സച്ചിൻ മീണയെ അവർ വിവാഹം കഴിച്ചു. അടുത്തിടെ മകൾ ഭാരതി മീണയ്ക്ക് ജന്മം നൽകി. അവരുടെ പൗരത്വം ഇപ്പോൾ ഇന്ത്യക്കാരനായ ഭർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ കേന്ദ്രത്തിന്റെ നിർദ്ദേശം അവർക്ക് ബാധകമാകരുത്," അഭിഭാഷകൻ പറഞ്ഞു.
2023 മെയിലാണ് സീമ ഹൈദർ കറാച്ചിയിലെ വീടുവിട്ടിറങ്ങിയത്. 2019-ൽ ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ പരിചയത്തിലായത്. അനധികൃതമായി ഇന്ത്യയിലെത്തിയ സീമയെ ജൂലൈയിൽ സച്ചിൻ മീണക്കൊപ്പം കഴിയവെ അധികൃതർ പിടികൂടുകയായിരുന്നു. പിന്നീട് പൊലീസും വിവിധ ഏജൻസികളും ഇവരെ ചോദ്യം ചെയ്തിരുന്നു.
Pakistan's Seema requests narendramodi
