ഹരിപ്പാട്: (truevisionnews.com) സാമൂഹികമാധ്യമങ്ങളിൽനിന്നു സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിച്ച് നഗ്നചിത്രങ്ങളുമായി കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയിടത്തുവീട്ടിൽ അരുൺ (35) ആണ് പിടിയിലായത്.

വ്യാഴാഴ്ച അർധരാത്രി വീട്ടിൽനിന്നാണ് ഹരിപ്പാട്ടെ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്നതിനു തൊട്ടുമുൻപും മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഇയാൾ അപ്‌ലോഡ് ചെയ്തതായി പോലീസുദ്യോഗസ്ഥർ പറഞ്ഞു.
ഹരിപ്പാടു ഭാഗത്തെ എട്ടു സ്ത്രീകളാണ് തങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങളെപ്പറ്റി പരാതി നൽകിയിരിക്കുന്നത്. ഇതിൽ 14 വയസ്സുകാരിയായ പെൺകുട്ടിയും ഉൾപ്പെടുന്നു. ഇതിനാൽ പോക്‌സോ വകുപ്പുപ്രകാരവും പ്രതിക്കെതിരേ കേസുണ്ട്. ഇവരുടെ ചിത്രങ്ങൾ പ്രതിക്കു ലഭിക്കാനിടയായ സാഹചര്യം അന്വേഷിക്കും.
എറണാകുളത്ത് ബേക്കറി ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയുടെ വൈക്കം ശാഖയിലെ ജീവനക്കാരനാണ് അരുൺ. ഫെയ്സ്ബുക്ക്, വാട്‌സാപ്പ് എന്നിവയിൽനിന്ന് സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിക്കുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഇവ ചെന്നൈയിലുള്ള ഒരാൾക്ക് അയക്കും. അയാളാണ് നഗ്നചിത്രങ്ങൾക്ക് സ്ത്രീകളുടെ മുഖംചേർത്ത് തനിക്കു കൈമാറുന്നതെന്നാണ് അരുണിന്റെ മൊഴി. 2020 മുതൽ ഇയാളിതു ചെയ്യുന്നുണ്ട്.
പ്രതിയുടെ ഫോൺ പോലീസ് പിടിച്ചെടുത്തു. ആയിരത്തോളം സ്ത്രീകളുടെ മോർഫുചെയ്ത ചിത്രങ്ങൾ ഇതിലുണ്ടായിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺവിളിയുടെ വിശദാംശങ്ങളും പരിശോധിക്കുകയാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്. മുഖ്യ പ്രതികളിലൊരാൾ ചെന്നൈയിലാണ്.
ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്‌ഐമാരായ ഇ.എസ്. ഷൈജ, അനന്തു, സൈബർസെൽ എസ്‌ഐ സജി, സീനിയർ സിവിൽപോലീസ് ഓഫീസർ സുരേഷ് കുമാർ, സിപിഒമാരായ എ. നിഷാദ്, സജാദ്, പ്രദീപ് ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
#Man #arrested #spreading #morphed #images #women #socialmedia
