ബംഗളൂരു: ( www.truevisionnews.com ) പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളിൽ ഒരാളായ ഭരത് ഭൂഷന്റെ ഭാര്യ ഡോ. സുജാത, ഭർത്താവ് തന്റെ കൺമുന്നിൽ വെടിയേറ്റ് മരിച്ചതിന്റെ നടുക്കുന്ന ഓർമ മാധ്യമങ്ങളോട് കണ്ണീരോടെയാണ് വിവരിച്ചത് ‘‘ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടെന്നും എന്റെ ഭർത്താവിനെ രക്ഷിക്കണമെന്നും ഞാൻ മൂന്ന് വയസ്സുള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കെഞ്ചിയിട്ടും അവർ വെടിവച്ചു” -അവർ പറഞ്ഞു.

ഏപ്രിൽ 18നാണ് ഞങ്ങൾ കശ്മീരിലേക്ക് പോയത്. ഞങ്ങളുടെ യാത്രയുടെ അവസാന ദിവസമായ 22ന്, പഹൽഗാമിലെ ബൈസരൻ പുൽമേടുകൾ കാണാൻ പോയി. കുഞ്ഞിനൊപ്പം കളിച്ചുകൊണ്ട് ഒരു വലിയ പുൽമേട്ടിൽ ഇരുന്നു.
ഫോട്ടോഷൂട്ട് കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി പുറപ്പെടാൻ തയാറെടുക്കുകയായിരുന്നു. ഉച്ച 1.45ഓടെ, വെടിയൊച്ചകൾ കേട്ടു. മൃഗങ്ങളെ ഭയപ്പെടുത്താൻ ആരോ വെടിവെക്കുകയാണെന്ന് ആദ്യം കരുതി. പക്ഷേ, വെടിയൊച്ച അടുത്തെത്തിയപ്പോൾ, ആക്രമണമാണെന്ന് മനസ്സിലായി. ഞങ്ങൾ ഒരു കൂടാരത്തിന് പിന്നിൽ ഒളിച്ചു.
തീവ്രവാദികളിൽ ഒരാൾ സമീപത്ത് ഒളിച്ചിരുന്ന ഒരു വൃദ്ധനോട് ഹിന്ദിയിൽ സംസാരിക്കുന്നത് കേൾക്കാമായിരുന്നു. ‘നമ്മുടെ കുട്ടികൾ അവിടെ മരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ ഇവിടെ ഇത്ര സന്തോഷവാനായിരിക്കാൻ കഴിയും?’ എനിക്കെന്തു ചെയ്യാൻ കഴിയുമെന്ന് വൃദ്ധൻ തിരിച്ചുചോദിച്ചു. പ്രതികരിക്കാതെ, തീവ്രവാദി അയാളെ വെടിവച്ചുകൊന്നു.
തുടർന്ന് ആ ശരീരത്തിലേക്ക് നാലോ അഞ്ചോ വെടിയുതിർത്തു. ആ നിമിഷം, എന്റെ ഭർത്താവ് ഞങ്ങളിൽ ധൈര്യം പകരാൻ ശ്രമിച്ചു, എല്ലാം ശരിയാകുമെന്ന് പറഞ്ഞു. അപ്പോൾ തീവ്രവാദി ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഞാൻ എന്റെ മകനെ കെട്ടിപ്പിടിച്ച് കൈകൾ കൂപ്പി, കരുണക്കായി അപേക്ഷിച്ചു, ഞങ്ങൾക്ക് ഒരു ചെറിയ കുട്ടിയുണ്ടെന്ന് പറഞ്ഞു. ഞങ്ങളുടെ അപേക്ഷകൾ ശ്രദ്ധിക്കാതെ, തീവ്രവാദി ഭർത്താവിന്റെ തലയിൽ വെടിവെച്ചു. ഞാൻ തല ഉയർത്തിയില്ല.
എന്ത് വില കൊടുത്തും അവനെ സംരക്ഷിക്കാൻ ദൃഢനിശ്ചയത്തോടെ ഞാൻ മകനെ മുറുകെ കെട്ടിപ്പിടിച്ചു. തീവ്രവാദി അവിടെനിന്ന് പോയ ഉടനെ, ചുറ്റുമുള്ള ആളുകൾ ഓടാൻ തുടങ്ങി. ഞാൻ മകനെ പിടിച്ചുകൊണ്ട് അവർക്കൊപ്പം ഓടി -ഡോ. സുജാത പറഞ്ഞു. എം.എസ്. രാമയ്യ ആശുപത്രിയിലെ ഡോക്ടറാണ് സുജാത.
#killed #husband #though #holding #baby #chest
