ബതുമി (ജോർജിയ): ( www.truevisionnews.com ) ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ഇന്റർനാഷണൽ മാസ്‌റ്റർ ദിവ്യ ദേശ്‌മുഖിന് വിജയം. ഇന്ത്യയുടെ ഗ്രാൻഡ്‌മാസ്‌റ്റർ കൊണേരു ഹമ്പിയെ വീഴ്ത്തിയാണ് 19 -കാരിയുടെ കിരീട നേട്ടം. ആദ്യ രണ്ട് മത്സരവും സമനിലയിൽ കലാശിച്ചതോടെ ടൈബ്രേക്കിലാണ് ജയം. ഇതോടെ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായും ദിവ്യ മാറി.
ആദ്യ കളി 41 നീക്കത്തിൽ സമനിലയിൽ പിരിഞ്ഞിരുന്നു. ഞായറാഴ്‌ച നടന്ന രണ്ടാമത്തെ മത്സരം 34 നീക്കത്തിൽ അവസാനിച്ചു. ചരിത്രത്തിലാദ്യമായാണ് ലോക കിരീടത്തിനായി രണ്ട് ഇന്ത്യക്കാർ കരുക്കൾ നീക്കുന്നത്.
.gif)

റാപ്പിഡ് സമയക്രമത്തിലാണ് ട്രൈബ്രേക്കിലെ ആദ്യ രണ്ട് കളിയും. ഓരോ കളിക്കാരനും 15 മിനിറ്റാണ് ആലോചിക്കാൻ കിട്ടുക. ഓരോ കരുനീക്കം കഴിയുമ്പോഴും കളിക്കാർക്ക് 10 സെക്കൻഡ് വീതം ഇൻക്രിമെന്റായി ലഭിക്കും. രണ്ട് കളിയും 1– 1 ആയാൽ അടുത്തഘട്ടമാണ്. ഇത് 10 മിനിറ്റ് +10 സെക്കൻഡ് ഇൻക്രിമെന്റ് എന്ന രീതിയിലാണ്.
വീണ്ടും സമനിലയെങ്കിൽ ബ്ലിറ്റ്‌സ് മത്സരമാണ്. അതിൽ സമയക്രമം 5 മിനിറ്റ് + 3 സെക്കന്റാണ്. സമനില തുടർന്നാൽ 3 മിനിറ്റ് +2 സെക്കന്റ് സമയക്രമത്തിൽ രണ്ട് ബ്ലിറ്റ്സ് പോരാട്ടം. തീരുമാനമായില്ലെങ്കിൽ വിജയിയെ കണ്ടെത്തുന്നതുവരെ 3 + 2 സമയക്രമത്തിലുള്ള മത്സരം തുടരും.
Divya Deshmukh wins world chess title makes history by defeating Hampi
