കോഴിക്കോട്: (www.truevisionnews.com) വിനോദ സഞ്ചാര പദ്ധതികളുടെ നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ചതായി ലഭ്യമാക്കിക്കൊണ്ട് പ്രാദേശിക ടൂറിസത്തില്‍ ചരിത്രം സൃഷ്ടിക്കുകയാണ് കോഴിക്കോട് ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍.

സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുള്ള ജില്ല എന്ന സ്ഥാനം കോഴിക്കോടിനാണ്. 4313 യൂണിറ്റുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിലേക്ക് കടന്നുവരാനും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനുമായി തദ്ദേശീയരെ സജ്ജരാക്കാന്‍ നല്‍കിവരുന്ന പരിശീലനങ്ങളിലും ജില്ല ഏറെ മുന്നിലാണ്.
3786 പേര്‍ക്കാണ് ഇത്തരത്തില്‍ പരിശീലനം നല്‍കിയത്. യൂണിറ്റുകള്‍ തുടങ്ങിയവരായും പരിശീലത്തില്‍ പങ്കെടുത്തവരായും 80 ശതമാനം സ്ത്രീകളാണ് എന്നതും പദ്ധതിയുടെ നേട്ടമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ നിലവില്‍ ബേപ്പൂര്‍ മണ്ഡലത്തിലും ഒളവണ്ണ, കടലുണ്ടി, തലക്കുളത്തൂര്‍, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലുമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഗ്രാമീണ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
രജിസ്റ്റര്‍ ചെയ്ത 4313 യൂണിറ്റുകളില്‍ 2500 കര്‍ഷകര്‍, 450 കലാകാരന്മാര്‍, 700 ടൂറിസം നെറ്റ്‌വര്‍ക്കുകള്‍, 30 തദ്ദേശീയരായ കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാര്‍, 100 എത്നിക് കുസിന്‍ യൂണിറ്റ് അംഗങ്ങളായ സ്ത്രീകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി 2018 ഫെബ്രുവരി മുതല്‍ 2024 ഡിസംബര്‍ ഒന്നുവരെ ജില്ലയിലെ പ്രദേശവാസികള്‍ക്ക് 7.2 കോടി രൂപയുടെ വരുമാനമാണുണ്ടായത്.
സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ മികച്ച മാതൃക സൃഷ്ടിക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍ വിവിധ പരിശീലനങ്ങളിലായി 300 വനിതകളാണ് പങ്കെടുത്തത്. അലങ്കാര മെഴുകുതിരികള്‍, പേപ്പര്‍ ബാഗുകള്‍, ടെറാക്കോട്ട ആഭരണങ്ങള്‍, ഷെല്‍ ക്രാഫ്റ്റുകള്‍, മീന്‍ അച്ചാറുകള്‍ തുടങ്ങിയ സംരംഭങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുന്നത്.
ഇവിടെ നിര്‍മിക്കുന്ന ബീച്ച് തീം മെഴുകുതിരിയും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വതത്തില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ച് പഞ്ചായത്തില്‍ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക് പദ്ധതിയും ഫാം ടൂര്‍ പാക്കേജുകളും ആരംഭിച്ചിട്ടുണ്ട്.
കേരളീയ ഗ്രാമീണത അനുഭവിക്കാനാകുന്ന വിവിധയിനം പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കേവല സ്ഥല സന്ദര്‍ശനത്തില്‍ ഒതുക്കാതെ പ്രദേശത്തെ സംസ്‌കാരം, കലാരൂപങ്ങള്‍, രുചിക്കൂട്ടുകള്‍, ഫല വൃക്ഷാദികള്‍ തുടങ്ങിയവ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
കളരി യൂണിറ്റുകള്‍, കൈത്തറി യൂണിറ്റുകള്‍, കയര്‍ സൊസൈറ്റികള്‍, മണ്‍പാത്ര നിര്‍മാണ യൂണിറ്റുകള്‍, കുപ്പിക്കപ്പല്‍- ഉറുമാക്കിങ് യൂണിറ്റുകള്‍, തലകുട നിര്‍മാണം, ഗോത്ര കലാരൂപങ്ങള്‍, വെങ്കല നിര്‍മാണം, തോണിയാത്ര, മീന്‍പിടുത്തം, പുഴ വിഭവാസ്വാദനം, കാവ് സന്ദര്‍ശനം, പുരാതന പാളികള്‍, ആരാധനാലയങ്ങള്‍, കുന്നുകള്‍, ഐതിഹ്യ കഥപറച്ചിലുകാര്‍, കാര്‍ഷിക നൃത്തം, ദഫ്മുട്ട്, വട്ടംകളി, കോല്‍ക്കളി, കരകൗശല വസ്തു നിര്‍മാണം, തിറയാട്ടചമയം, മലബാറി രുചിക്കൂട്ടുകള്‍, കുന്നുകള്‍, മലകള്‍, പാറകള്‍, വയല്‍പാടങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജുകള്‍.
#Kozhikode #create #new #history #number #responsibletourism
