ദില്ലി: (www.truevisionnews.com) ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാൾ തോക്കുമായി നിൽക്കുന്ന ചിത്രം പുറത്ത്. ആദ്യമായാണ് ഭീകരരുടെ ചിത്രം പുറത്താകുന്നത്.

ഇന്ത്യ ടുഡേയാണ് ചിത്രം പുറത്തുവിട്ടത്. 'മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന ബൈസരൻ പുൽമേടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണകാരികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്.
ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ.
#Terrorist #opens #fire #tourists #AK47rifle #Image #released
