അനന്ത്നാഗ്: (truevisionnews.com) ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർക്കാണ് ജീവൻ നഷ്ടമായത്. പെട്ടന്നുണ്ടായ ഭീകരരുടെ ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന എല്ലാവരും പകച്ചുനിന്നപ്പോൾ ധീരതയോടെ ചെറുക്കാൻ ശ്രമിച്ച കുതിര സവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്നയാൾക്കും വെടിയേറ്റു.

ഭീകരരുടെ തോക്ക് തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഹുസൈൻ ഷാ വെടിയേറ്റ് മരിക്കുന്നത്. കുടുംബത്തിന്റെ ഏക ആശ്രമായിരുന്നു ഹുസൈൻ ഷായുടെ ദാരുണാന്ത്യം ബന്ധുക്കളെ തീരാദുഃഖത്തിലാക്കി.
പതിവുപോലെ മകന്‍ കുതിരയുമായി പഹൽഗാമിലേക്ക് ജോലിക്ക് പോയതായിരുന്നുവെന്ന് ഹുസൈൻ ഷായുടെ മാതാവ് പറയുന്നു.'കുടുംബത്തിന് വേണ്ടി മകന്‍ മാത്രമായിരുന്നു സമ്പാദിച്ചിരുന്നത്. ഇന്നലെ അവൻ പഹൽഗാമിലേക്ക് ജോലിക്ക് പോയി, ഉച്ചക്ക് ശേഷം 3 മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞത്.
ഞങ്ങൾ അവനെ വിളിച്ചു നോക്കി, പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട്, വൈകുന്നേരം 4:30 ന്, ഫോൺ ഓണായി, പക്ഷേ ആരും മറുപടി നൽകിയില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അവന് പരിക്കേറ്റതായി ഞങ്ങൾ അറിഞ്ഞത്.
അവന്റെ മരണത്തിന് ഞങ്ങൾക്ക് നീതി വേണം. അവനൊരു നിരപരാധിയായിരുന്നു. എന്തിനാണ് അവൻ കൊല്ലപ്പെട്ടത്? ഇതിന് ഉത്തരവാദികള്‍ ആരായാലും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കണം.' മാതാവ് കണ്ണീരോടെ പറഞ്ഞു.
'ഇനി ഞങ്ങളെ പോറ്റാൻ മറ്റാരുമില്ല.അവനില്ലാതെ എന്തു ചെയ്യുമെന്ന് പോലും ഞങ്ങൾക്കറിയില്ല'...മാതാവ് പറഞ്ഞു. 'കുടുംബത്തിലെ മൂത്ത മകനായിരുന്നു ആദിൽ ഹുസൈൻ ഷാ. അദ്ദേഹത്തിന് കുട്ടികളും ഭാര്യയുമുണ്ട്. ഈ കുടുംബത്തിന്റെ നട്ടെല്ലായിരുന്നു അദ്ദേഹം.
ഷായുടെ അമ്മാവനായ ഷഹീദ് ബഗ് സിംഗ് പറഞ്ഞു;'ഇപ്പോൾ അവർക്ക് എല്ലാം നഷ്ടപ്പെട്ടു. ആദിലിന്റെ കുടുംബത്തിന് ഇപ്പോൾ എന്നത്തേക്കാളും സംരക്ഷണവും പിന്തുണയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവം നമ്മുടെ കശ്മീരിന് തന്നെ ഒരു കളങ്കമാണ്. ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആദിലിനെപ്പോലുള്ള നിരപരാധികൾക്ക് ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
#horse #rider #named #Syed #AdilHussainShah #shot #pahalgam
