കോഴിക്കോട് : (truevisionnews.com) ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഒമ്പത് വര്‍ഷത്തിനിടെ ലഭിച്ചത് 168 കോടി രൂപയുടെ ഭരണാനുമതി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന സര്‍ക്കാരിന്റെ പദ്ധതിയിലൂടെ ലോകം കണ്ടത് പ്രകൃതിയുടെ നിറച്ചാര്‍ത്തുകളണിഞ്ഞ മനോഹരപ്രദേശങ്ങളാണ്.

കാട് മൂടിക്കിടന്നിരുന്ന ചാലിയം കടല്‍ത്തീരവും പരിസരവും പുലിമുട്ടും ഇന്ന് ലോകോത്തര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. രണ്ട് ഘട്ടങ്ങളിലായി 9.53 കോടി രൂപയുടെ പ്രവൃത്തികളാണ് 'ഓഷ്യാനസ് ചാലിയം' ബീച്ച് ഡെസ്റ്റിനേഷന്‍ ഒരുക്കാന്‍ ചെലവഴിച്ചത്.
രാത്രികാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി 4.46 കോടി രൂപ ചെലവഴിച്ച് ഒരുക്കിയ ഫസാഡ് ലൈറ്റിങ് പദ്ധതി വിനോദസഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടിയത്.
കോഴിക്കോടിന്റെ ഹൃദയഭാഗങ്ങളില്‍ ഒരുക്കിയ ദീപാലങ്കാരങ്ങള്‍ കാണാന്‍ അയല്‍ ജില്ലകളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. ബേപ്പൂര്‍ ആന്‍ഡ് ബിയോണ്ട് - ഡെവലപ്മെന്റ് ആന്‍ഡ് റെനോവേഷന്‍ ഓഫ് ബേപ്പൂര്‍ ടൂറിസം രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പ്രധാന പദ്ധതിയാണ്.
അന്താരാഷ്ട്ര പ്രാധാന്യമുള്ള ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന് വേദിയായ ബേപ്പൂര്‍ ബീച്ചിലെ ആദ്യഘട്ട വികസന പ്രവൃത്തികള്‍ക്കായി 9.94 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് വിനോദസഞ്ചാര വകുപ്പില്‍നിന്ന് ഭരണാനുമതിയായത്. ബീച്ചിലെ രണ്ടാംഘട്ട വിനോദസഞ്ചാര വികസന പദ്ധതിയ്ക്കായി 14.99 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കടലുണ്ടി പക്ഷി സങ്കേതത്തിന്റെ മുഖഛായ മാറ്റിയ 'ന്വേച്ചര്‍ വാക് വേ' പദ്ധതിയുടെ നിര്‍മ്മാണം 1.43 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചത്. പുഴയുടെ സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാനും പക്ഷി സങ്കേതത്തിന്റെ സൗന്ദര്യം നുകര്‍ന്ന് സമയം ചെലവഴിക്കാനും ഒട്ടേറെ സഞ്ചാരികളാണ് ദിനേന ഇവിടെയെത്തുന്നത്.
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന പുലിക്കയത്ത് രണ്ട് ഘട്ടങ്ങളിലായി 1.63 കോടി രൂപ ഉപയോഗിച്ച് കയാക്കിങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി അന്തര്‍ദേശീയ കയാക്കിങ് സെന്റര്‍ സ്ഥാപിച്ചു. വിദേശികളടക്കം ആയിരങ്ങളാണ് കയാക്കിങ്ങില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമായി ഇവിടെ എത്തുന്നത്.
കോഴിക്കോട് നഗര ഹൃദയത്തില്‍ കനോലി കനാലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ സരോവരം ബയോ പാര്‍ക്കിന്റെ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി 'സരോവരം നേച്ചര്‍ ലേര്‍ണിങ് സെന്റര്‍ ഫെയ്സ് വണ്‍' ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി 1.74 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
കുറ്റിച്ചിറ കുളവും പരിസരവും ടൂറിസം പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 1.25 കോടി രൂപ മുതല്‍ മുടക്കിലാണ് നവീകരിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരില്‍ തന്നെ സ്മാരകം പണിയുന്നതിനായി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'ആകാശ മിഠായി' എന്ന പേരില്‍ 7.37 കോടി രൂപ ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കി. ഈ പദ്ധതിയുടെ ഒന്നാം ഘട്ടപ്രവൃത്തിയുടെ ഭാഗമായി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുകയാണ്.
സൗത്ത് ബീച്ച്, ഭട്ട്റോഡ് ബീച്ച്, ഗോതീശ്വരം ബീച്ച്, തോണിക്കടവ്, കരിയാത്തുംപാറ, വയലട, നമ്പികുളം, തുഷാരഗിരി, അരിപ്പാറ, അകലാപ്പുഴ, തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച്, മിനി ഗോവ, കാപ്പാട്, ഒളോപ്പാറ, കക്കാടംപൊയില്‍, പയംകുറ്റിമല, സാന്റ്ബാങ്ക്സ്, ചേര്‍മല കേവ് പാര്‍ക്ക്, പതങ്കയം, കക്കയം, പെരുവണ്ണാമൂഴി, മാനാഞ്ചിറ, ലോകനാര്‍കാവ് തീര്‍ത്ഥാടന ടൂറിസം പദ്ധതി തുടങ്ങി നൂറോളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ജില്ലയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.
#Administrative #approval #Rs168 #crores #received #development #tourist #destinations #Kozhikode #district
