കൊച്ചി : (truevisionnews.com) ഭക്ഷ്യവിഷബാധയെത്തുടർന്ന് മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ രാസപരിശോധനാ ഫലം കാത്ത് പൊലീസ്. കുടുംബം ഭക്ഷണം കഴിച്ച ഹോട്ടലിലേയും വീട്ടിലേയും ഭക്ഷണ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിരുന്നു.

കാക്കനാട് റീജിയനൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടക്കുന്ന പരിശോധനയുടെ ഫലം അറിഞ്ഞാൽ മാത്രമേ ഹോട്ടലിൽ നിന്ന് കഴിച്ച മസാല ദോശയാണോ മരണത്തിന് കാരണമായതെന്ന് വ്യക്തമാകൂ.
ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചിരിക്കുകയാണെന്നും പരിശോധനാഫലം വന്നാൽ മാത്രമേ അടുത്ത നടപടിയിലേക്ക് കടക്കൂ എന്നും കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ വ്യക്തമാക്കി.
തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് ഇന്നലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് പൊലീസും ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹെൻട്രിയും കുടുംബം ഭക്ഷണം കഴിച്ച അങ്കമാലി കരയാംപറമ്പിലുള്ള ക്രിസ്റ്റൽ കിച്ചൻ എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു.
കറുകുറ്റി പഞ്ചായത്തിന്റെ ആരോഗ്യവിഭാഗം പരിശോധന നടത്തിയ ശേഷം ഹോട്ടൽ അടപ്പിച്ചു. ഇന്നലെ 12 മണിയോടെയാണ് ഇക്കാര്യത്തിൽ അറിയിപ്പ് കിട്ടുന്നതെന്ന് പഞ്ചായത്തിന്റെ പാലിശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ബിനീഷ് കുമാര്‍ പറഞ്ഞു.
കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും സാമ്പിളിന്റെ രാസപരിശോധനാ റിപ്പോർട്ടും കിട്ടുന്നതിന് അനുസരിച്ചേ മരണകാരണം വ്യക്തമാകൂ എന്നും ബിനീഷ് കുമാർ വ്യക്തമാക്കി. രാസപരിശോധനാ ഫലം ലഭിക്കാൻ ഒരാഴ്ചയെങ്കിലും സമയമെടുക്കും.
പരിശോധനാഫലം വന്നാൽ മാത്രമേ ഈ ഹോട്ടലിൽ നിന്ന് കഴിച്ച മസാലദോശയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായോ എന്നു പറയാൻ പറ്റൂ എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹോട്ടൽ അടച്ചത്.
അന്ന് ഈ ഹോട്ടലിൽ നിന്ന് 52 മസാലദോശ വിറ്റിട്ടുണ്ട്. മറ്റാർക്കെങ്കിലും ഭക്ഷ്യവിഷബാധ ഉണ്ടായോ എന്നറിയാൻ ആരോഗ്യവകുപ്പും പൊലീസും ആശുപത്രികളിൽ അടക്കം പരിശോധന നടത്തിയിരുന്നു. എന്നാൽ ആർക്കും പ്രശ്നമില്ലെന്നാണ് മനസിലായത്. അതുകൊണ്ടു തന്നെ പരിശോധനാഫലം കാത്തിരിക്കണമെന്നും ലതിക ശശികുമാർ വ്യക്തമാക്കി.
യുകെയിലായിരുന്ന ഹെൻട്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിൽ എത്തിയ ശേഷം തിരികെ പോകുമ്പോഴാണ് കുടുംബം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയത്. കുട്ടിക്കു പുറമെ ഹെൻട്രി, ഭാര്യ റോസ് മേരി, അമ്മ ഷീബ എന്നിവരും ഇവിടെ നിന്ന് ഭക്ഷണം കഴിച്ചു.
മസാലദോശയ്ക്ക് പുറമെ ചപ്പാത്തിയും കഴിച്ചതായി പറയപ്പെടുന്നു. എന്നാൽ വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതയുണ്ടാവുകയായിരുന്നു. തുടർന്ന് ഹെൻട്രിയും ഭാര്യയും ഒലിവിയയും വീടിനടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി.
പക്ഷേ ഒലിവിയയുടെ ആരോഗ്യനില വഷളായി. തുടർന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില കൂടുതൽ മോശമായി ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. കുടുംബത്തെ തിരികെ യുകെയിലേക്ക് കൊണ്ടുപോകാനായാണ് ഹെൻട്രി നാട്ടിലെത്തിയത്.
#Death #girl #Police #awaiting #chemical #test #result
