തിരുവനന്തപുരം: (truevisionnews.com) ഇടത് നേതാക്കൾക്കെതിരെ തുറന്നടിച്ച് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സ്. സമരം ആരംഭിച്ച് രണ്ടാം ദിവസം എകെജി സെന്ററിൽ എത്തിയപ്പോൾ ഒരു പ്രധാനപ്പെട്ട നേതാവിൽ നിന്ന് കൊടിയ അധിക്ഷേപം നേരിട്ടതായി ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല എന്നാണ് ആ നേതാവ് പറഞ്ഞത്. ബ്രാഞ്ച് സെക്രട്ടറി മുതൽ കാണാത്ത നേതാക്കൾ ഇല്ല. തെരുവിൽ കിടന്നിട്ട് മന്ത്രിമാരുടെയും സിപിഐഎം നേതാക്കളുടെയും പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നു.
പി കെ ശ്രീമതി പറഞ്ഞത് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദുര്‍വാശിയാണെന്നാണ്. അവകാശപ്പെട്ടത് ചോദിക്കുമ്പോൾ എങ്ങനെയാണ് ദുർവാശി ആകുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിച്ചു.18 ദിവസം സെക്രട്ടേറിയറ്റിന്‍റെ മുന്നിൽ കിടന്നിട്ട് ഒരു ഇടത് വനിതാ നേതാവ് പോലും തിരിഞ്ഞു നോക്കിയില്ല. കഞ്ഞിയും അവിലും കഴിച്ചാണ് സമരം ചെയ്തതെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.
അതേസമയം, റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതോടെ ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു. അവസാനദിവസം റാങ്ക് ലിസ്റ്റും ഹോൾടിക്കറ്റും കത്തിച്ചായിരുന്നു ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം.
#Women #CPO #rank #holders #criticize #Left #leaders.
