വയനാട് ആസ്വദിക്കാൻ വരുന്നവർ ഈ സ്ഥലം ഒഴിവാക്കരുത്. പ്രകൃതിക്കാഴ്ചകള്‍ കണ്ടു മതിമറക്കാന്‍ വയനാടിനോളം വരില്ല എവിടെയും. മുഖം മൂടിയണിഞ്ഞ ഫാന്റത്തിന്റെ സാഹസിക കഥകൾ ലോകപ്രശസ്തമാണ്.ആ ഫാന്റത്തിന്റെ പേരിൽ അതേ രൂപഭാവങ്ങൾ അനുസ്മരിപ്പിക്കുന്ന പ്രകൃതിദത്തമായ ഒരു പാറ വയനാട്ടിലുണ്ട്.

മീനങ്ങാടി 54ൽ നിന്ന് അമ്പലവയലിലേക്കുള്ള റോഡിൽ നിന്ന് നോക്കെത്തുന്ന ദൂരത്ത് നിലകൊള്ളുന്ന ഫാന്റം റോക്ക്. പോകുന്ന യാത്രയിൽ ഈ വഴിയിലെ പല പോയിന്റുകളിൽ നിന്നും ഫാന്റം റോക്കിന്റെ ഗാംഭീര്യം തുളുമ്പുന്ന ദൃശ്യം എല്ലാ തനിമയോടെയും കാണാനാവും.
പാറക്കൂട്ടങ്ങളുടെ മാനോഹരമായ 360 ഡിഗ്രി ചിത്രവും കാണാം. ഫാന്റമെന്ന കാർട്ടൂൺ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ആകാര സൗഷ്ടവവും മുഖരൂപവും വ്യക്തമായി കാണാനാവും. പാറയുടെ തൊട്ടടുത്ത് നിന്ന് നോക്കുമ്പോൾ ഈ രൂപഭാവങ്ങൾ ഇത്രതന്നെ വ്യക്തമായി കാണാനാവില്ല. ആയതിനാൽ വഴിയിൽ നിന്നുള്ള കാഴ്ച ആസ്വദിക്കണം.
മെയിൻ റോഡിൽ നിന്ന് നൂറുമീറ്ററോളം നടന്നാൽ ഫാന്റം റോക്കിലെത്താം. ഉയർന്ന് നിൽക്കുന്ന മലയുടെ മുകളിൽ പൊടുന്നനെ മാനത്തേക്ക് കുത്തനെ ഉയർന്ന് നിൽക്കുന്ന മറ്റൊരു വലിയ പാറയാണിത്. മലയുടെ മുകളിലേക്ക് എടുത്ത് വെച്ചത് പോലുള്ള കൂറ്റൻ പ്രകൃതിദത്ത നിർമിതി.
ഇവിടെ നിന്ന് നോക്കിയാൽ അകലെ കൊളഗപ്പാറ, അമ്പുകുത്തിമല, ചീങ്ങേരിപ്പാറ മുതലായവ കാണാം. പാറകൾക്കിടയിലെ വിടവിലൂടെ അകലേക്ക് നോക്കിക്കാണുന്ന ദൃശ്യവും അവാച്യമായ അനുഭവമാണ് പകരുക.
#Majestic #visuals #journey #Wayanad #own #Phantomrock
