മലപ്പുറം: ( www.truevisionnews.com ) മലപ്പുറം ചങ്ങരംകുളം പൊലീസിനെതിരെ പരാതി. ഷോപ്പിംഗ് മാളിൽ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതിയിൽ പണം വാങ്ങി ഒത്തുതീർപ്പാക്കാൻ ചങ്ങരംകുളം സിഐ ഷൈൻ നിർബന്ധിച്ചതായി ആരോപണം. കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സിഐ മോശമായി പെരുമാറിയതായും പരാതിക്കാർ ആരോപിക്കുന്നു.

സംഭവത്തിൽ ചമ്രവട്ടംകടവ് സ്വദേശി ജിംഷാദ് ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എസ് എച്ച് ഒ പരാതിക്കാരനോട് സംസാരിക്കുന്നതിന്‍റെ ശബ്ദ പുറത്തു വന്നു .
എസ് എച്ച് ഒ: മാങ്ങാത്തൊലി നീ കൺസ്യൂമർ കോർട്ടിൽ പോകുമെന്ന് പറഞ്ഞല്ലെ പോയത് . പിന്നെന്താട ഇവിടെ. നിന്‍റെ അടുത്ത് അന്ന് ഞാൻ പറഞ്ഞതല്ലേ എഫ്ഐആർ ഇടണമെങ്കിൽ ഇടാമെന്ന്. അന്ന് നീ പറഞ്ഞു കൺസ്യൂമർ കോടതിയിൽ പോകും..പോടാ...
പരാതിക്കാരൻ: ഹോസ്പിറ്റലിൽ നിന്ന് എംഎൽസി അയച്ചിട്ടുണ്ട്
എസ് എച്ച് ഒ: അത് തന്നെയല്ലേ നീ പറഞ്ഞത് കൺസ്യൂമർ കോടതിയിൽ പോകുന്നുണ്ടെന്ന്.
പരാതിക്കാരൻ: കൺസ്യൂമർ കോടതിയിൽ പോകുന്നുണ്ട്
എസ് എച്ച് ഒ :അത് എന്ത് ഉണ്ടാക്കാനാ
പരാതിക്കാരൻ: ഒരു നിയമപാലകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്...
എസ് എച്ച് ഒ: നിയമപാലകൻ മാങ്ങാത്തൊലി... ഞാൻ നിന്നോട് അന്ന് പറഞ്ഞില്ലേ കേസെടുക്കാമെന്ന്. അപ്പൊ ആവശ്യമില്ലാത്ത ഒരു പണികൾ ചെയ്തിട്ടുണ്ട്. എന്നിട്ട് ഇപ്പോ എന്തായി. അവർ എത്ര തരാന്ന് പറഞ്ഞിരുന്നു അതും പോയില്ലേ.
പരാതിക്കാരൻ: കൺസ്യൂമർ കോടതിയിൽ പരാതി നൽകിയിട്ടുണ്ട്
എസ് എച്ച് ഒ: കൺസ്യൂമർ കോടതിയിൽ നിന്ന് കിട്ടുന്നത് വാങ്ങിച്ചോ. അതിന്‍റെ പിറകെ പോയി കുറെ പൈസ ചെലവാകും
പരാതിക്കാരൻ : എം എൽ സി അയച്ചിട്ടുണ്ട് ഹോസ്പിറ്റലിൽ നിന്ന്.
എസ് എച്ച് ഒ: അതൊക്കെ വരുമെടാ
പരാതിക്കാരൻ: അത് കേസാക്കണം
എസ് എച്ച് ഒ : ഞങ്ങൾക്കറിയാം കേസ് എടുക്കണോ എന്ന്. നീ എന്നെ പഠിപ്പിക്കല്ലേ.
പരാതിക്കാരൻ: ഞാനല്ലേ പരാതിക്കാരൻ
എസ് എച്ച് ഒ : ആരടാ പരാതിക്കാരൻ. പരാതിക്കാരൻ നീയാണോ നിന്റെ ഉമ്മയല്ലേ
പരാതിക്കാരൻ: ഞാനാണ് പരാതി കൊടുക്കുന്നത് ഉമ്മ പറഞ്ഞിട്ട്
എസ് എച്ച് ഒ: നീ പതുക്കെ സംസാരിച്ചാൽ മതി എനിക്കറിയാം അതൊക്കെ. നീ എന്‍റെ ഓഫീസ് റൂമിനകത്ത് കയറി വന്ന് നീ എന്നെ ഭരിക്കണ്ട
#allegation #against #changaramkulam #ci #malappuram
