മലപ്പുറം: (www.truevisionnews.com) പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അതിക്രമ ആരോപണം ഉന്നയിച്ച് സി.പി.എം. എരമംഗലം ലോക്കൽ കമ്മിറ്റി. പുഴക്കര ക്ഷേത്രോത്സവത്തിനിടയിൽ ചില സിവിൽ പോലീസ് ഓഫീസർമാർ ക്രൂരമായ അക്രമ സംഭവങ്ങൾ നടത്തിയെന്നും വിദ്യാർഥികളടക്കമുള്ളവരെ വളരെ മൃഗീയമായി മർദിച്ചെന്നാണ് പരാതി.

ഉത്സവത്തോട് അനുബന്ധിച്ചു നടന്ന വരവിന് ശേഷം എല്ലാവരും പിരിഞ്ഞുപോകുന്നതിനിടയിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണു നാരായണൻ, അരുൺകുമാർ എന്നിവർ അനാവശ്യപ്രശ്‌നങ്ങൾ സൃഷ്‌ടിച്ച് കുട്ടികളെ ലാത്തി വീശി ഓടിച്ചു.
പലകുട്ടികൾക്കും പരിക്ക് പറ്റി. പാർട്ടി ഏരിയാ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിൻ്റെ മകൻ അഭിറാമിൻ്റെ മുഖത്ത് ലാത്തി കൊണ്ടടിച്ചതിനെ തുടർന്ന് പല്ല് പൊട്ടുകയും ചുണ്ട് മുറിയുകയും ചെയ്‌തു. ഇത് ചോദ്യം ചെയ്ത ബാലകൃഷ്ണൻ എന്നയാളെ ഉദ്യോഗസ്ഥർ പൂരപ്പറമ്പിലൂടെ വലിച്ചിഴച്ചെന്ന് എരമംഗലം ലോക്കൽ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്റ്റേഷനിലെത്തി സി.ഐയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അരുൺകുമാർ എന്ന പോലീസ് ഓഫീസറെ ഒരാൾ മർദ്ദിച്ചെന്നും അയാളെ ബാലകൃഷ്‌ണൻ രക്ഷപ്പെടുത്തിയെന്നുമായിരുന്നു മറുപടി. പരിശോധിച്ച് കാര്യങ്ങൾ ചെയ്യാം ആരെയും കേസിൽ അന്യായമായി ഉൾപെടുത്തില്ലായെന്നും സിഐ പറഞ്ഞു.
എന്നാൽ രാത്രി 12 മണിയോടെ ബാലകൃഷ്‌ണൻ്റെ സഹോദരനായ ചെറാത്ത് ഹരിദാസൻ്റെ വീട്ടിൽ വന്ന് ഹരിദാസന്റെ മകൻ സഞ്ജയിനെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പൊക്കിളിൻ്റെ ഭാഗത്തുനിന്നും രോമം വലിച്ചു പറിച്ചും ചോര പൊടിയും വരെ നെഞ്ചില്‍ പിടിച്ചു പിരിച്ചു ഞെരിച്ചെന്നും പരാതിക്കാർ പറയുന്നു.
ഒരു കണ്ണടപ്പിച്ച ശേഷം മറ്റേ കണ്ണിലേക്ക് ടോർച്ച് ലൈറ്റ് നിരന്തരം അടിച്ചു. അതിക്രൂരവും പ്രാകൃതവുമായ പീഡനമുറകളാണ് പെരുമ്പടപ്പിലെ പോലിസ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട 22 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർഥിയോട് ചെയ്തത്.
മൂന്നുമണിയോടെയാണ് യുവാവിനെ പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടത്. പേടികാരണം വിദ്യാർഥി വിവിരം പുറത്തുപറഞ്ഞില്ല. കണ്ണുകളിൽ ചോര തളം കെട്ടി നിൽക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്.
തുടർന്ന് എരമംഗലത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. വേറെയും കുട്ടികളെയും പോലീസ് മർദിച്ചതായി പരാതിയുണ്ട്. നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും തക്കതായ നടപടികൾ കൈകൊള്ളണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി, ഡിജിപി, മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട്, എന്നിവർക്ക് സിപിഎം എരമംഗലം ലോക്കൽ കമ്മിറ്റി പരാതി നൽകി.
#CPM #says #students #faced #brutalbeating #hair #pulled #navel #area #privateparts #grabbed #squeezed
