ന്യൂ ഡൽഹി: അമിത വേഗത്തിലെത്തിയ കാർ റോഡരികിലെ നടപ്പാതയിലേക്ക് പാഞ്ഞു കയറി വൈദ്യുതി പോസ്റ്റും മരവും ഇടിച്ചിട്ടു. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ ഉത്തർപ്രദേശിലെ നോയിഡയിലായിരുന്നു സംഭവം. പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്. ഇയാൾ അപകട നില തരണം ചെയ്തിട്ടില്ല.

നോയിഡ സെക്ടർ 29ൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. അമിത വേഗത്തിലെത്തിയ കാർ ആദ്യം റോഡിന്റെ വശത്തുള്ള നടപ്പാതയിലേക്ക് പാഞ്ഞു കയറി. മുന്നോട്ട് നീങ്ങി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത് നിന്നിരുന്ന ഒരു മരം ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണു.
ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
വിവരം ലഭിച്ചയുടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റ ഡ്രൈവറെ വാഹനത്തിൽ നിന്ന് ശ്രമകരമായാണ് പുറത്തെടുത്തത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതായും ആരോഗ്യ നില ഗുരുതരമായി തുടരുന്നതായും പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
#Car #crashes #footpath #hits #electricity #pole #tree #driver #seriously #injured
