കണ്ണൂര്‍: (truevisionnews.com) തളിപ്പറമ്പ് സയ്യിദ് കോളേജിലെ ഭൂമി വഖഫ് സ്വത്ത് തന്നെയെന്ന് മുസ്‍ലിം ലീഗ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംഭവിച്ചത് ക്ലറിക്കൽ മിസ്റ്റേക്കാണെന്നും മുസ്‍ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്‍ഡ് അബ്ദുൽ കരീം ചേലേരി പറഞ്ഞു.

ഭരണസമിതിക്ക് സംഭവിച്ച വീഴ്ചയിൽ ലീഗിനെ പഴിക്കുന്നതിൽ കാര്യമില്ലെന്നും വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ കോളജിനെ തകർക്കാനുള്ള ശ്രമമെന്നും അബ്ദുൽ കരീം ചേലേരി പറഞ്ഞു.
സർസെയ്‌ദ് കോളജ് സ്ഥിതിചെയ്യുന്ന 25 ഏക്കർ ഭൂമിയെ ചൊല്ലിയാണ് തർക്കം. വഖഫ് ഭൂമി സ്വന്തമാക്കാൻ മുസ്‍ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളജ് ഭരണസമിതി ശ്രമിക്കുന്നുവെന്നും ഇതിനായി ഭൂമി വഖഫ് അല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയെന്നുമാണ് വഖഫ് സംരക്ഷണ സമിതിയുടെ ആരോപണം. എന്നാൽ ആരോപണം കോളജ് മാനേജ്മെന്റ് നിഷേധിച്ചു.
തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കർ ഭൂമിയിലാണ് സർസെയ്‌ദ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1966 ലാണ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. 1967 ലാണ് ഭൂമി അനുവദിച്ചത്.
കോളേജ് മാനേജ്മെന്റ് ആയിരുന്നു ഈ ഭൂമിക്ക് നികുതി അടച്ചുവന്നിരുന്നത്. എന്നാൽ പള്ളിയുടെ ഭൂമിക്ക് പള്ളി തന്നെ നികുതി അടക്കണം എന്നാവശ്യപ്പെട്ട് 2021 ൽ തളിപ്പറമ്പ് തഹസീൽദാർക്ക് മുന്നിൽ പരാതിയെത്തി.
പിന്നാലെ കോളേജിന്റെ പേരിലുള്ള തണ്ടപ്പേർ പള്ളിയുടെ പേരിലേക്ക് മാറ്റി. പിന്നാലെയാണ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വഖഫ് അല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നതാണെന്നും കാണിച്ച് കോളേജ് മാനേജ്മെന്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് .
ഭൂമി സ്വന്തം പേരിലാക്കാൻ കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നും വഖഫ് ബില്ലിനെതിരായ പ്രതിഷേധങ്ങളെ തുരങ്കം വെക്കുന്ന നീക്കമെന്നുമാണ് വഖഫ് സംരക്ഷണ സമിതിയുടെ ആരോപണം.
#MuslimLeague #land #Thaliparamb #Syed #College #waqf #property.
