( www.truevisionnews.com) കക്ഷികൾക്കായി കോടതിയിൽ വാക്ക്പോര് നടത്താറുണ്ട് അഭിഭാഷകർ. എന്നാൽ കക്ഷികളെ കിട്ടാൻ ഇവർ തമ്മിൽ പോര് നടത്തിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദില്ലിയിലെ കൃഷ്ണ നഗറിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്ഇഎം) കോടതിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

കക്ഷികളെ കിട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആയിരുന്നു ബഹളം, പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് കടന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോടതിക്കുള്ളിൽ പുരുഷ-വനിതാ അഭിഭാഷകർ സ്ലിപ്പറും നെയിംപ്ലേറ്റും ഉപയോഗിച്ച് പരസ്പരം അടിക്കുന്നത് വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ ഇരുവിഭാഗത്തിനുമെതിരെ കേസെടുക്കാൻ പോലീസ് നിർബന്ധിതരായി. കൊലപാതകശ്രമം, കവർച്ച എന്നീ വകുപ്പുകൾ പ്രകാരം ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കക്ഷികളെ സംബന്ധിച്ച തർക്കത്തെത്തുടർന്ന് രണ്ട് കൂട്ടം അഭിഭാഷകർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
വനിതാ അഭിഭാഷകർ പോലും ഇതിലുണ്ടായിരുന്നു. അഭിഭാഷകരിൽ ഒരാൾ മറ്റൊരു അഭിഭാഷകനെ സ്റ്റീൽ നെയിം പ്ലേറ്റ് കൊണ്ട് അടിക്കുന്നതും ചോരയൊലിക്കുന്നതും കാണാം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഐപിസി 307 (കൊലപാതകശ്രമം), ഐപിസി 392 (കവർച്ച) എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതികൾ ഫയൽ ചെയ്തിരിക്കുന്നത്.
#fight #erupts #lawyers #clients
