തിരുവനന്തപുരം : ( www.truevisionnews.com) നടി വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകളിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാധ്യമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. പരാതി കിട്ടിയാൽ പരാതി അന്വേഷിക്കുമെന്നും ഇത്തരത്തിൽ ലഭിക്കുന്ന ഒരോ വിവരവും വളരെ ഗൗരവത്തോടെയാണ് എക്സൈസ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

‘‘ഇപ്പോൾ ആരോപണ വിധേയനായ നടനെതിരെ നേരത്തെ സമാനമായ കേസ് ഉണ്ടാവുകയും അതിൽ അദ്ദേഹത്തെ വെറുതേ വിടുകയും ചെയ്ത സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിരുന്നതായി കോടതി തന്നെ ചൂണ്ടിക്കാട്ടുകയും ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആ കേസ് യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. അതിൽ എൽഡിഎഫ് സർക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല. അതേപ്പറ്റിയുള്ള വിവരങ്ങൾ നിയമസഭയിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.’’– മന്ത്രി പറഞ്ഞു.
ഇത്തരം കേസുകളിൽ ഏതെങ്കിലും വ്യക്തി എന്നതിനല്ല ലഭിക്കുന്ന പരാതികൾ വിവരങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യമെന്നും ഇവയുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
#failure #police #UDF #ShineTomChacko #acquitted #drugcase #MinisterMBRajesh
