ലണ്ടൻ: (truevisionnews.com) ജീവശാസ്ത്രപരമായി സ്ത്രീയായി ജനിച്ചവർ മാത്രമേ ‘സ്ത്രീ’യെന്ന നിർവചനത്തിൽപ്പെടൂവെന്ന് യുകെ സുപ്രീംകോടതി. സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജസ്റ്റിസ് പാട്രിക് ഹോഡ്‌ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചു.

ഇതാണ് 2010-ലെ യുകെ ‘ലിംഗസമത്വനിയമം’ (ഇഎ) അനുശാസിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഇഎ പ്രകാരം ട്രാൻസ്ജെൻഡറുകൾക്ക് വിവേചനത്തിൽനിന്ന് സംരക്ഷണം ലഭിക്കുമെന്ന് കോടതി പറഞ്ഞു.
സ്കോട്ടിഷ് സർക്കാരും ‘ഫോർ വിെമൻ സ്കോട്ട്‌ലൻഡ്’ (എഫ്ഡബ്ല്യുഎസ്) എന്ന സ്ത്രീ അവകാശസംഘടനയും തമ്മിൽ വർഷങ്ങളായുള്ള നിയമപോരാട്ടത്തിന്റെ പരിസമാപ്തിയാണ് വിധി.
ലിംഗമാറ്റത്തിലൂടെ സ്ത്രീയായി എന്നത് അംഗീകരിച്ചുള്ള സർട്ടിഫിക്കറ്റുകൾ (ജിആർസി) ലഭിച്ച രാജ്യത്തെ ട്രാൻസ്ജെൻഡറുകളെ സ്ത്രീയായി പരിഗണിക്കാനാവില്ലെന്ന് വിധി വ്യക്തമാക്കുന്നു.
ട്രംപിന്റെ ഭരണത്തിൽ യുഎസിൽ ട്രാൻസ്ജെൻഡറുകൾ അടിച്ചമർത്തൽ നേരിടുമ്പോഴാണിത്. ട്രാൻസ് വിഷയത്തിൽ മൗനംപാലിക്കുന്ന പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുടെ ലേബർ സർക്കാരിനുമേൽ വിധി കൂടുതൽ സമ്മർദമുണ്ടാക്കിയേക്കും.
#UK #Supreme #Court defines #woman #biologically
