തൃശൂർ:(truevisionnews.com) സ്വർണം പൂശിയ വളകൾ തിരൂരിലുള്ള സ്ഥാപനത്തിൽ പണയം വച്ച് 1,86,000 രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. മാന്ദാമംഗലം മരോട്ടിച്ചാൽ സ്വദേശി ബിപിൻ ബേബിയാണ് (31) പിടിയിലായത്.

കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പെരുമ്പാവൂരിൽ നിന്നും സ്വർണം പൂശിയ വളകൾ വാങ്ങി തിരൂരിലുള്ള സ്ഥാപനത്തിൽ രണ്ട് ഘട്ടങ്ങളിലായി പണയം വച്ച് പണം വാങ്ങുകയായിരുന്നു. വീണ്ടും പണയം വയ്ക്കാൻ വളയുമായി വന്നെങ്കിലും ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രതി, പണം വാങ്ങിക്കാതെ തിരിച്ചു പോവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വളകൾ സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞത്.
സ്ഥാപനത്തിന്‍റെ മാനേജർ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിയ്യൂർ പൊലീസിന്‍റെ നിർദേശ പ്രകാരം സ്ഥാപനത്തിൽ വന്നാൽ ചെക്ക് തരാം എന്ന് പറഞ്ഞ് പ്രതിയെ സ്ഥാപനത്തിലേക്ക് അതിവിദഗ്ധമായി വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഒല്ലൂർ. വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള കേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വിയ്യൂർ പൊലീസ് ഇൻസ്പെക്ടർ മിഥുൻ, സബ് ഇൻസ്പെക്ടർമാരായ ന്യുഹ്മാൻ, ജയൻ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ജോമോൻ, സിവിൽ പൊലീസ് ഓഫീസർ ടോമി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
#Police #arrest #young #man #pawned a piece of jewellery twice and received money for it a third time
