ഖുശിനഗർ: (truevisionnews.com) ഉത്തർപ്രദേശിലെ ഖുശിനഗറിൽ 17 നവജാത ശിശുക്കൾക്ക് സിന്ദൂർ എന്നുപേരിട്ട് രക്ഷിതാക്കൾ. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായ ഇന്ത്യയുടെ സൈനിക നടപടി ഓപറേഷൻ സിന്ദൂറിൽ നിന്നും പ്രചോദനം കൊണ്ടാണ് തീരുമാനം. ഉത്തർപ്രദേശിലെ ഖുശിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മേയ് 10,11 തീയതികളിൽ ജനിച്ച 17 പെൺകുഞ്ഞുങ്ങൾക്കാണ് സിന്ദൂർ എന്ന് പേരിട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം, പഹൽഗാമിലുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ വെറുമൊരു പേരല്ലെന്നും ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിന്‍റേത് അസാമാന്യമായ ധീരതയാണെന്നും സൈന്യത്തിന് സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സിന്ദൂർ വെറും പേരല്ല, അതിൽ രാജ്യത്തെ ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു. നമ്മുടെ സ്ത്രീകളുടെ നെറ്റിയിൽ നിന്ന് 'സിന്ദൂരം' മായ്ച്ചതിന്റെ അനന്തരഫലം ശത്രുക്കൾ ഇപ്പോൾ തിരിച്ചറിഞ്ഞു -പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരെ രംഗത്തെത്തി. രാജ്യം ആഗ്രഹിച്ച പോലെ ഭീകരരെ ഇല്ലാതാക്കി. വെടിനിർത്തലിന് ആദ്യം സമീപിച്ചത് പാകിസ്താനാണെന്നും അപ്പോഴേക്കും രാജ്യം ലക്ഷ്യം കണ്ടുകഴിഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Parents Kushinagar Uttar Pradesh named 17 newborn babies Sindoor.
