(truevisionnews.com)ഒരു സിനിമ ഇറങ്ങി രണ്ടാം ദിനമായപ്പോഴേക്കും പല പല രാഷ്ട്രീയ വിവാദങ്ങളാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുയരുന്നത്. ഒരു തമാശരൂപേണ പറയട്ടെ.. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രവർത്തകരാണ് ഇങ്ങനെ വിമർശനങ്ങൾ ഉയർത്തുന്നത്. കേൾക്കുമ്പോൾ ചിരി വരുന്നുണ്ട്.

സിനിമയെ ദൃശ്യകലയായി എടുക്കാതെ അതാണ് സത്യം എന്ന് പറഞ്ഞു ഇന്നത്തെ കാലത്തും നടക്കുന്ന ജനവിഭാഗം ഇപ്പൊഴും കേരളത്തിൽ ഉണ്ടല്ലോ?. എമ്പുരാനിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "This is world's biggest comedy... its called Politics"... കണ്ണടച്ച് ഇരുട്ടാക്കിയാൽ യാഥാർഥ്യം ഇല്ലാതാകില്ല എന്ന് ഓർമിപ്പിച്ചുകൊണ്ട് തുടങ്ങട്ടെ....
സോഷ്യൽ മീഡിയയും ചാനൽ ചർച്ചകളും നിറഞ്ഞു നിൽക്കുന്ന വിഷയമാണ് ഇന്ന് "എമ്പുരാൻ". മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസ്,ലൈക്ക പ്രൊഡക്ഷൻസ്, ഗോകുലം ഗോപാലൻ എന്നിവർ നിർമ്മിച്ച ഒരു "കുഞ്ഞു സിനിമ".
സിനിമയുടെ റിലീസ് സമയങ്ങൾ മുതൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട് തന്നെയാണ് പറഞ്ഞു നിശ്ചയിച്ച തീയ്യതിയിൽ തന്നെ സിനിമ റിലീസ് ചെയ്തത്. എന്നാൽ സിനിമ ഇറങ്ങി വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സിനിമ ചർച്ച ചെയ്യുന്ന വിഷയങ്ങൾക്കെതിരെ സംഘപരിവാർ വലിയ പ്രതിഷേധങ്ങൾ ഉയർത്തി.
സിനിമ റീ സെൻസർ ചെയ്യണമെന്നുമൊക്കെയുള്ള ആവശ്യങ്ങൾ മുൻ നിർത്തി സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ വരെ നീളുന്നു ഈ പ്രവർത്തനങ്ങൾ. 2002 ൽ ഉണ്ടായ ഗുജറാത്ത് വംശഹത്യ സിനിമയുടെ പ്രമേയത്തിൽ ഉൾപ്പെടുത്തി എന്നതാണ് സിനിമയ്ക്കെതിരെ ഇങ്ങനെ ഒരു കൂട്ടമായ ആക്രമണം ഉണ്ടാക്കാൻ കാരണമായത്.കേന്ദ്ര ഭരണകൂടത്തിന്റെ ചരിത്രത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ഈ സിനിമയുടെ ചുരുങ്ങിയ ചില ഭാഗങ്ങൾക്ക് സാധിച്ചു.
ഏകദേശം 23 വർഷങ്ങൾക്ക് മുന്നേ നടന്ന ഒരു വംശഹത്യ ...പലരുടെയും വിസ്‌മൃതിയിൽ നിന്നു തന്നെ മാഞ്ഞു പോയൊരു കാര്യം വീണ്ടും ഒരു ചർച്ച വിഷയമാകുന്നു എന്നത് ഒരു പ്രത്യേക വിഭാഗത്തെ അസ്വസ്ഥരാക്കിയതിന്റെ പ്രതിഫലനമാണ് ഈ സൈബർ ആക്രമണവും സിനിമക്കെതിരെ ഉയരുന്ന വിമർശനങ്ങളും. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ഒരു പരിധി വരെ തുറന്നു കാട്ടാൻ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്.
കേന്ദ്ര ഭരണപക്ഷത്തെയും രാഷ്ട്രീയ നിലപാടുകളെയും ,രാജ്യത്തിന്റെ നിലനിൽപ്പിനെയും തന്നെ അത് ഒരു ചോദ്യചിഹ്നമായി നിർത്തുന്നു.കൃത്യമായ ബോധത്തോടെയും, കാരണത്തോടെയും കൂടി തന്നെയാണ് ഈ സിനിമയിലെ ഓരോ വാക്കുകളും ഓരോ ചലനങ്ങളും എഴുതപ്പെട്ടതും ചിത്രീകരിക്കപ്പെട്ടതും.
നിയമപരമായ സെൻസർഷിപ്പിനു ശേഷം ജനങ്ങളിലേക്കെത്തിയ സിനിമ വീണ്ടും എഡിറ്റ് ചെയ്യുന്നതിനു പിന്നിൽ കപടരാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങൾ മാത്രമാണ് പ്രവർത്തിച്ചിരിക്കുന്നത്. മോഹൻലാൽ,പൃഥ്വിരാജ് അടക്കമുള്ള എമ്പുരാൻ ടീം മാപ്പ് ചോദിച്ചപ്പോൾ അത് മറ്റൊരു പ്രശ്നത്തിലേക് പോയി.നിലപാടിൽ ഉറച്ച് നിൽക്കാത്തവർ എന്നും മറ്റും പരിഹസിച്ച് ആക്രമിക്കുന്നവർ.
മാപ്പ് ചോദിക്കുക എന്നത് സ്വന്തം നിലപാടിൽ നിന്നുള്ള മാറ്റമോ,ഭരണകൂടത്തിന് വിധേയരാകുന്നു എന്നോ അല്ല അർത്ഥം. ഒരു വലിയ വിഭാഗത്തിന്റെ എതിരെ നിന്ന് പോരാടുമ്പോൾ അവർ നേരിടേണ്ടി വരുന്ന സമ്മർദങ്ങൾ ആ വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്. മാപ്പ് പറയുക എന്നത് അഭിമാനം അടിയറവ് വക്കുക എന്ന മാത്രമല്ല അർത്ഥം....ഒരു രാജ്യത്തിന്റെ അല്ലെങ്കിൽ ഒരു ജനതയുടെ ഇടയിൽ മറ്റൊരു കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുന്നേ ഒരു ഉള്ള കരുതലായി അതിനെ എന്തുകൊണ്ട് കണ്ടുകൂടാ?
എഴുത്തുകരിയായ ദീപ നിഷാന്ത് പറഞ്ഞതു പോലെ എമ്പുരാനെ കുറിച്ചുള്ള വാർത്ത കണ്ട് ഒരു കുട്ടിയെങ്കിലും ഗുജറാത്ത് വംശഹത്യയെ കുറിച്ച് അന്വേഷിച്ചാൽ തന്നെ ആ സിനിമ അതിന്റെ ധൗത്യം നിർവഹിച്ചു കഴിഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നവന്റെ വായ അടപ്പിക്കാൻ ശ്രമിക്കുന്ന ഭരണകൂടമുള്ളിടത്തോളം ഈ കടിഞ്ഞാണ് അവർ നിയന്ത്രിച്ചു കൊണ്ടിരിക്കും. ഒരു കലയുടെയും കലാകാരന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ആണ് "ജനാതിപത്യ ഭരണകൂടത്തിന്റെ" ചങ്ങാലയിട്ടിരിക്കുന്നത്.
"ഒരു മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" എന്ന ജീൻ ജാക്വസ് റൂസോയുടെ ഉദ്ധരണിയെ ആണ് ഈ സാമൂഹിക സാഹചര്യം അടിവരയിട്ട് ഓർമ്മിപ്പിക്കുന്നത്. കല എന്നും പ്രതിരോധത്തിന്റെ അടയാളമാണ്. അത് ആർക്കു മുന്നിലും അടിയറവ് പറയാനുള്ള ആയുധമല്ല. ഇനിയും ചോദ്യങ്ങൾ ചോദിച്ചും,നിങ്ങളുടെ കപടമുഖങ്ങൾ കീറിവലിച്ചും ചെറുത്തു നിൽപ്പുകൾ തുടർന്ന് കൊണ്ടിരിക്കും.
3 മണിക്കൂർ ദൈർഘ്യം ഉള്ള ഒരു സിനിമയിൽ നിന്ന് വെട്ടിമാറ്റപ്പെടുന്ന നേരിന്റെ അടയാളങ്ങൾ ചരിത്രത്തിൽ നിന്ന് ഒരിക്കലും വെട്ടിമാറ്റപ്പെടുന്നില്ല.സത്യത്തിന്റെയും നീതിയുടെയും ശബ്ദം എല്ലാത്തിനും മുകളിൽ മുഴങ്ങിക്കൊണ്ടിരിക്കും....അനുഭവത്തിന്റെ നേർക്കാഴ്ച്ചകൾ അതിനെതിരെ പ്രതികരിച്ചു കൊണ്ടേയിരിക്കും.
പാബ്ലോ നെരുദയുടെ വാക്കുകൾ കടമെടുത്തു പറയട്ടെ "പൂക്കളെ നിങ്ങൾക്ക് നുള്ളിയെറിയാം, പക്ഷെ വസന്തത്തിൻ്റെ വരവിനെ തടയാൻ ആവില്ല". കല എന്നും നിലനിൽക്കും.അതിന്റെ പൂർണ പ്രൗഢിയോടെ തന്നെ...

Article by ANJALI M T
Trainee, TRUEVISIONNEWS BA English Language &Literature - Taliparamba Arts and Science College (DEGREE) Diploma in News & Journalism - Flowers Academy & Insight Mediacity
#pinch #flowers#stop #spring #Putting #chains #freedom #expression #antidemocratic
