വിര്‍ജീനിയ: ( www.truevisionnews.com ) പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഇന്ത്യൻ വംശജയായ വിദ്യാർഥിയെ കാണാതായിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇതുവരെയായി യാതൊരു തരത്തിലുള്ള വിവരങ്ങളും ലഭിച്ചിട്ടില്ല.

ഇതിനിടെ, കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പെൺകുട്ടി സുഹൃത്തുക്കളോടൊപ്പം ബാറിൽ സമയം ചെലവിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങളിലെ സൂചനകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
ഡൊമിനിക്കന്‍ റിപബ്ലിക്കിലെ പുന്റാ കാന എന്ന നഗരത്തിലെ ബീച്ചിലാണ് 20-കാരിയായ സുദിക്ഷ കൊണങ്കിയെ മാർച്ച് 6-ന് അവസാനമായി കണ്ടത്. സുഹൃത്തുക്കൾക്കൊപ്പം ഇവിടെയത്തിയ സുദിക്ഷ ബീച്ചിൽ നടക്കാനിറങ്ങിയതായിരുന്നു. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. തുടർന്ന് പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിരുന്നു.
ഡൊമിനിക്കന്‍ റിപബ്ലിക് അവരുടെ സായുധ സേനയുടെ സേനയുടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും അടക്കം തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. എന്നാൽ യാതൊരു വിവരവും ലഭിച്ചില്ല.
ഇതിനിടെയാണ് പെൺകുട്ടിയും സുഹൃത്തുക്കളും ബാറിലെത്തി സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായാണ് വിവരം.
റിയു റിപ്പബ്ലിക്ക ഹോട്ടൽ ബാറിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുദിക്ഷയ്ക്കൊപ്പം ഒടുവിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. 24-കാരനായ അയോവയില്‍നിന്നുള്ള ജോഷ്വാ സ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്‌ക്കൊപ്പം അവസാനമായി കണ്ടത്.
ഇയാളുടെ മൊഴികളിൽ വൈരുദ്ധ്യമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടികൾക്കൊപ്പം സുദിക്ഷയ്ക്കൊപ്പം അവസാനം ഒപ്പമുണ്ടായിരുന്ന യുവാവിനേയും കാണാം. പ്രാദേശിക മാധ്യമമാണ് വീഡിയോ പുറത്തുവിട്ടത്.
ബാറിൽ എല്ലാവരും ഒന്നിച്ചിരുന്ന സംസാരിക്കുന്നതിനിടെ സുദിക്ഷ വാ കൈകൊണ്ട് പൊത്തി എഴുന്നേറ്റ് പോകുന്നതും പുൽത്തകിടിക്കരികെ ചാഞ്ഞിരിക്കുന്നതും കാണാം. ഉടൻതന്നെ അവിടെ നിന്ന് തിരിഞ്ഞ് വന്ന് സന്തോഷത്തോടെ തുള്ളിച്ചാടുന്നതും സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം വെള്ള വസ്ത്രം ധരിച്ച പുരുഷൻ ബാറിന് പുറത്ത് അസ്വസ്ഥനായിരിക്കുന്നതും മറ്റൊരു യുവാവ് ഇയാളെ ആശ്വസിപ്പിക്കുന്നതും കാണാം. ഇത് ജോഷ്വാ സ്റ്റീവ് റൈബ് ആണെന്നാണ് സൂചന.
പെൺകുട്ടിയെ കാണാതാകുന്നതിന് രണ്ട് മണിക്കൂർ മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ യുവാവും പെൺകുട്ടിയും കൈകോർത്ത് നടക്കുന്നത് കാണാം. ഇരുവരും ധരിച്ചിരിക്കുന്ന വസ്ത്രവും ഇതേ വീഡിയോയിലുള്ളവതന്നെയാണെന്നാണ് വിവരം.
കാണാതാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുദിക്ഷയും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചതായും ബീച്ചിലേക്ക് പോയതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. എന്നാൽ, സുദിക്ഷയില്ലാതെയാണ് സുഹൃത്തുക്കള്‍ തിരിച്ചെത്തിയത്. 4.15-ഓടെയാണ് ഇവര്‍ ബീച്ചിലേക്ക് പോയത്. 5.55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല.
വൈകീട്ട് നാലോടെയാണ് സുദിക്ഷയെ കാണാതായ സംഭവം സുഹൃത്തുക്കള്‍ ഹോട്ടല്‍ അധികൃതരെ അറിയിച്ചത്. സുദിക്ഷ ധരിച്ചിരുന്ന ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെനിന്ന് ബലപ്രയോഗം നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
സുദിക്ഷയുടെ സുഹൃത്തുക്കള്‍ പോയശേഷം സംഭവിച്ചതായി മൂന്ന് വ്യത്യസ്ത മൊഴികളാണ് ഒപ്പമുണ്ടായിരുന്ന യുവാവ് നല്‍കിയത്. അതില്‍ ഒന്ന് കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് താന്‍ ഛര്‍ദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അന്വേഷിച്ചിരുന്നതായും യുവാവ് പറഞ്ഞു.
മറ്റൊന്നില്‍, തനിക്ക് ക്ഷീണം തോന്നിയെന്നും ബോധംപോവുംമുമ്പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും ഇയാള്‍ മൊഴിനല്‍കി. താന്‍ ലോഞ്ച് ചെയറില്‍ തിരികെ എത്തി ഉറങ്ങുന്നതിന് മുമ്പ് സുദിക്ഷ തീരത്തുകൂടെ നടക്കുന്നതായാണ് കണ്ടതെന്നും മറ്റൊരു മൊഴിയില്‍ പറഞ്ഞു.
#bar #video #clothes #beach #web #mystery #surrounds #indian #student #missing #dominican #republic
