സനാ:( www.truevisionnews.com ) യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു.
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.gif)

യെമനിൽ ദന്തൽ ക്ലിനിക്ക് തുടങ്ങാൻ തലാൽ അബ്ദു മഹ്ദി നിമിഷപ്രിയയെ സഹായിച്ചിരുന്നു. എന്നാൽ, തലാൽ തൻ്റെ പാസ്‌പോർട്ട് പിടിച്ചുവെച്ച് സാമ്പത്തികമായി ചൂഷണം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി നിമിഷപ്രിയ ആരോപിക്കുന്നു. ഈ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി തലാൽ അബ്ദു മഹ്ദിക്ക് മയക്കുമരുന്ന് കുത്തിവെച്ചെന്നും, അത് അമിത ഡോസായി മരണത്തിന് കാരണമായെന്നുമാണ് നിമിഷപ്രിയയുടെ വാദം. പിന്നീട് മൃതദേഹം നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.
ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേൽ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളർ നൽകാമെന്നാണ് യെമൻ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദിയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്.
Nimisha Priya who was convicted of murdering a Yemeni citizen will be executed on the 16th of this month.
